Crime

കാമുകി ഗര്‍ഭിണിയായപ്പോള്‍ വീട്ടില്‍ താമസിപ്പിച്ചു, ഭാര്യ പിണങ്ങിപ്പോയി; തിരികെവരാന്‍ ട്രാന്‍സ്ഫോമറിനു മുകളില്‍ കയറി ഭീഷണി

പത്തനംതിട്ട ഊന്നുകല്ലിൽ ഭാര്യയുടെ വീടിന് മുന്നിലെ ട്രാൻസ്ഫോർമറിന് മുകളിൽ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. പിണങ്ങിപ്പോയ ഭാര്യ തിരികെ വരണമെന്ന് ആവശ്യപ്പെട്ടാണ് വാര്യാപുരം സ്വദേശിയായ ആരോമൽ (23) ഈ കടുംകൈ ചെയ്തത്. സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്ന് രാവിലെയാണ് ഇയാളെ താഴെയിറക്കിയത്.

മറ്റൊരു പെൺകുട്ടിയെ കൂടി ആരോമൽ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചതിനെ തുടർന്നാണ് ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയത്. ഏഴ് മാസം ഗർഭിണിയായ യുവതിയെയാണ് ഇയാൾ വീട്ടിലേക്ക് കൊണ്ടുവന്നതെന്നും അതിനാൽ ഇനി ഭർത്താവിനൊപ്പം പോകാൻ കഴിയില്ലെന്നുമാണ് ഭാര്യയുടെ നിലപാട്. ഇന്നലെ രാത്രിയോടെയാണ് ആരോമൽ ഭാര്യവീടിന് മുന്നിലെ ട്രാൻസ്ഫോർമറിൽ വലിഞ്ഞുകയറി ഭീഷണി തുടങ്ങിയത്.

രാത്രി മുതൽ 11 കെവി ലൈൻ കടന്നുപോകുന്ന ട്രാൻസ്ഫോർമറിന് മുകളിൽ ഇരുന്ന ഇയാൾ താഴേക്ക് ചാടുമെന്ന് വിരട്ടുകയായിരുന്നു. നാട്ടുകാർ ഉടൻ വിവരമറിയിച്ചതിനാൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് വലിയൊരു ദുരന്തം ഒഴിവാക്കി. അഗ്നിരക്ഷാ സേനയും പോലീസും ചേർന്ന് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കാൻ കഠിനമായി ശ്രമിച്ചു. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചവരോട് ഇയാൾ പ്രകോപിതനാകുകയും ചെയ്തിരുന്നു.

ഒടുവിൽ പോലീസിന്റെയും ഫയർ ഫോഴ്സിന്റെയും നീണ്ട നേരത്തെ ഇടപെടലുകൾക്കും ഉറപ്പുകൾക്കും ശേഷമാണ് യുവാവിനെ സുരക്ഷിതമായി താഴെയിറക്കാൻ കഴിഞ്ഞത്. ഈ കുടുംബപ്രശ്നം നാട്ടിലാകെ വലിയ പരിഭ്രാന്തി പരത്തി. സുരക്ഷിതമായി താഴെയെത്തിച്ച യുവാവിനെതിരെ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.