Crime

പഴം കൊടുക്കുന്നതിനിടെ കുരങ്ങുകൾ വളഞ്ഞു; ക്ഷേത്ര ദർശനത്തിനെത്തിയ നവവധു മലമുകളിൽ നിന്ന് വീണ് മരിച്ചു

കുന്നിന്‍മുകളിലെ ക്ഷേത്രപരിസരത്തുനിന്നും താഴേക്ക് വീണ് ഇരുപത്തിനാലുകാരിയായ നവവധുവിന് ദാരുണാന്ത്യം . തൂത്തുക്കുടി സ്വദേശിനിയായ അനിതയാണ് കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി വീണു മരിച്ചത്. ഭര്‍ത്താവിനൊപ്പം ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ഈ അപ്രതീക്ഷിത ദുരന്തം.

കഴിഞ്ഞ മാസമായിരുന്നു അനിതയുടെയും വിദേശത്ത് ജോലി ചെയ്യുന്ന സുരേഷിന്റെയും വിവാഹം നടന്നത്. നാട്ടിലെത്തിയ സുരേഷിനൊപ്പം കഴുഗുമലൈയിലുള്ള കലുഗസലമൂര്‍ത്തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം, ഇരുവരും സമീപത്തെ ഉച്ചിപ്പില്ലൈയാര്‍ മലമുകളിലെ കാഴ്ചകള്‍ കാണാനായി പോയതായിരുന്നു. നിരവധി കുരങ്ങുകള്‍ വസിക്കുന്ന ഒരിടമാണിത്.

കയ്യിലുണ്ടായിരുന്ന പഴങ്ങളും മറ്റും ദമ്പതികള്‍ കുരങ്ങുകള്‍ക്ക് കൊടുക്കാന്‍ തുടങ്ങിയതോടെ വലിയൊരു വാനരക്കൂട്ടം അനിതയെ വളയുകയായിരുന്നു. പെട്ടെന്ന് ഒരുമിച്ച് എത്തിയ കുരങ്ങുകളെ കണ്ട് പരിഭ്രാന്തയായ അനിതയ്ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും മലമുകളില്‍ നിന്ന് താഴേക്ക് വീഴുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കുന്നിന്‍മുകളില്‍ നിന്നുള്ള വീഴ്ചയുടെ ആഘാതത്തില്‍ യുവതി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

അപകടത്തിന് പിന്നാലെ ഓടിയെത്തിയ ഭര്‍ത്താവ് സുരേഷ് ഭാര്യയുടെ മൃതദേഹത്തിന് മുന്നിലിരുന്ന് അലമുറയിട്ട് കരയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനയും പൊലീസും ചേര്‍ന്നാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *