Crime

വീട്ടില്‍ക്കയറി 2 യുവതികളെ ബലാത്സംഗം ചെയ്തു, വായില്‍ തുപ്പി;  14 വര്‍ഷം തടവുശിക്ഷ ലഭിച്ചത് മലയാളിക്ക് ഡോക്ടര്‍ക്ക്?

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട രണ്ട് യുവതികളുടെ വീടുകളില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത കേസില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് 14 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു. മലയാളിയാണെന്ന് കരുതപ്പെടുന്ന 34കാരനായ സലില്‍ കൊരമ്പയിലാണ് പ്രതി. ട്രൂറോ ക്രൗണ്‍ കോടതിയില്‍ ആറു ദിവസം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് ജഡ്ജി സൈമണ്‍ കാര്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷാവിധി പ്രഖ്യാപിച്ചത്.

സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട രണ്ട് യുവതികളെയാണ് യുകെയിലെ സറെയിലുള്ള റെഡ് ഹില്ലില്‍ താമസിച്ചിരുന്ന ട്രെയിനി സര്‍ജനായ സലില്‍ ക്രൂരതയ്ക്ക് ഇരയാക്കിയത്. മൂന്ന് ബലാത്സംഗക്കേസുകളിലായിട്ടാണ് ഇയാള്‍ക്ക് 14 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചത്. ഇതില്‍ ഒരു യുവതിയെ ഇയാള്‍ രണ്ടു തവണ പീഡിപ്പിച്ചതായും കോടതി കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ 2023 നവംബറിലാണ് ഈ കേസില്‍ ആദ്യവിചാരണ നടന്നത്. അന്ന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും, ഇയാള്‍ ഈ വിധിക്കെതിരെ അപ്പീൽ നൽകുകയായിരുന്നു. തുടർന്ന് അപ്പീൽ കോടതി പഴയ ശിക്ഷ റദ്ദാക്കുകയും പുഃനർവിചാരണയ്ക്ക് ഉത്തരവിടുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന പുഃനർവിചാരണയ്ക്ക് ഒടുവിലാണ് പ്രതിക്ക് വീണ്ടും കോടതി കനത്ത ശിക്ഷ വിധിച്ചത്.

യുകെയിലെ ബേണ്‍സ്റ്റാപിള്‍, ഡെവന്‍, ട്രൂറോ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ആശുപത്രികളില്‍ 2016 മുതല്‍ ഇയാള്‍ കൊളോറക്ടൽ, വാസ്കുലർ വിഭാഗങ്ങളിൽ ട്രെയിനി സര്‍ജനായി ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെ 2020 ഓഗസ്റ്റില്‍ ആദ്യത്തെ യുവതിയെയും 2021 മാര്‍ച്ചില്‍ രണ്ടാമത്തെ യുവതിയെയും ഇയാള്‍ പീഡിപ്പിച്ചു. ഇതില്‍ രണ്ടാമത്തെ സ്ത്രീയെ രണ്ട് തവണയാണ് ബലാത്സംഗം ചെയ്തത്. ഇരകളിലൊരാളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇയാള്‍ മറ്റൊരാളെ ചുമതലപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

കേസിന്റെ അപ്പീലും പുനര്‍വിചാരണയും തന്റെ ജീവിതം തകർത്തെന്നും ആ മാനസിക വിഷമത്തില്‍ നിന്നും താനിതുവരെ മുക്തയായിട്ടില്ലെന്നും ഒരു ഇര കോടതിയെ ബോധിപ്പിച്ചതായി പ്രോസിക്യൂട്ടര്‍ ബില്‍ ബേക്കര്‍ വ്യക്തമാക്കി. തന്റെ ജീവിതത്തിലെ വിലപ്പെട്ട അഞ്ചുവര്‍ഷമാണ് ഈ ദുരന്തം കാരണം നഷ്ടമായതെന്നും ആ സ്ത്രീ കോടതിയില്‍ പറഞ്ഞു.

ഇരയെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ച ശേഷമാണ് ഇയാള്‍ ക്രൂരമായി പീഡിപ്പിച്ചതെന്ന് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. തന്നേക്കാള്‍ 16 വയസ് കൂടുതലുള്ള സ്ത്രീയെയാണ് സലില്‍ ആദ്യം ഇരയാക്കിയത്. താന്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ എത്തുന്നവര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിച്ച് ഫെയ്സ്ബുക്കിലൂടെ ബന്ധം സ്ഥാപിക്കുന്നതായിരുന്നു ഇയാളുടെ രീതി. ആദ്യത്തെ യുവതിയുമായി പരിചയം സ്ഥാപിച്ച ശേഷം ഒരു ദിവസം നേരിട്ട് കാണണമെന്ന് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് യുവതിയുടെ ഫ്ലാറ്റിലെത്തിയ ഇയാള്‍ കിടപ്പുമുറിയില്‍ അതിക്രമിച്ചു കയറി യുവതിയെ കടന്നുപിടിച്ചു. കട്ടിലിനോട് ചേര്‍ത്ത് നിര്‍ത്തി കഴുത്തു പിടിച്ചുഞെരിച്ച ശേഷമാണ് ബലാത്സംഗം ചെയ്തതെന്ന് ജൂറി കണ്ടെത്തി. എന്നാല്‍ പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഇതെന്നും, സാമ്പത്തിക സഹായം നല്‍കാത്തതിനാലാണ് യുവതി തനിക്കെതിരെ പരാതി നല്‍കിയതെന്നുമാണ് സലില്‍ കോടതിയില്‍ വാദിച്ചത്.

ഒരു വെബ്സൈറ്റില്‍ വന്ന വാടകമുറിയുടെ പരസ്യത്തിലൂടെയാണ് രണ്ടാമത്തെ സ്ത്രീയെ ഇയാള്‍ പരിചയപ്പെടുന്നത്. തന്റെ ഫ്ലാറ്റിലെത്തിയ സലില്‍ ബലാല്‍ക്കാരമായി പിടിച്ച് ചുംബിച്ചെന്നും മുഖത്ത് തുപ്പിയെന്നും യുവതി പരാതിപ്പെട്ടിരുന്നു. ഈ രണ്ട് സ്ത്രീകളെ കൂടാതെ മറ്റ് നാല്‍പതോളം സ്ത്രീകളുടെ മെഡിക്കല്‍ രേഖകള്‍ ഇയാള്‍ നിയമവിരുദ്ധമായി കൈക്കലാക്കിയെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. 20നും 40നും ഇടയില്‍ പ്രായമുള്ള രോഗികളായ സ്ത്രീകളെയാണ് ഇയാള്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്നും ജൂറി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *