ഡൽഹിയിലെ ജന്തർ മന്തറിൽ സമരം ചെയ്യുന്ന ജെൻ സി പ്രക്ഷോഭകരെ നിരന്തരം അധിക്ഷേപിച്ച ടി.ജി. മോഹൻദാസിനെതിരെ രൂക്ഷ പ്രതികരണവുമായി നടൻ മാധവ് സുരേഷ് രംഗത്ത്. ഇത്തരം മോശം ചിന്താഗതിയുള്ള ഇയാളെ ജയിലിൽ അടയ്ക്കണമെന്നും, ഈ ആർഎസ്എസ് ബുദ്ധിജീവിയെക്കാൾ സംസ്കാരം മൃഗങ്ങൾക്കുണ്ടെന്നും മാധവ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. മോഹൻദാസിന്റെ വിവാദ പ്രസ്താവന പങ്കുവെച്ചുകൊണ്ടായിരുന്നു മാധവിന്റെ വിമർശനം.
ഇതിനിടെ, ടി.ജി. മോഹൻദാസിന്റെ പ്രസ്താവനകൾക്കെതിരെ അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. എഐവൈഫ് സംസ്ഥാന സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെൽ ഐ.ജിക്കാണ് അന്വേഷണ ചുമതല. സി.ജെ.പി ജന്തർ മന്തറിൽ നടത്തുന്ന സമരത്തിലുള്ള ‘ജെൻ സി’ പ്രവർത്തകരെ അധിക്ഷേപിച്ച് ഒരു യൂട്യൂബ് ചാനലിലൂടെയാണ് മോഹൻദാസ് വിവാദ പരാമർശങ്ങൾ നടത്തിയത്.
ആ സാഹചര്യം തന്റെ നിയന്ത്രണത്തിലായിരുന്നുവെങ്കിൽ താൻ എന്ത് ചെയ്യുമെന്ന് വിശദീകരിച്ചായിരുന്നു മോഹൻദാസിന്റെ ഒരു വിവാദ പ്രസ്താവന. ജന്തർ മന്തറിന് ചുറ്റും നാല് കിലോമീറ്റർ പരിധിയിൽ കർഫ്യൂ ഏർപ്പെടുത്തുമെന്നും, പിരിഞ്ഞുപോകാൻ മൂന്ന് തവണ മുന്നറിയിപ്പ് നൽകിയ ശേഷം വെടിവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. വെടിവെയ്പിൽ ചിലർ മരിക്കുകയും മറ്റു ചിലർക്ക് പരിക്കേൽക്കുകയും ചെയ്യുമെന്നും, നാല് മണിക്കൂറിനുള്ളിൽ പ്രശ്നങ്ങൾ അവസാനിപ്പിച്ച് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുമെന്നുമായിരുന്നു ആ വാക്കുകൾ.
ജന്തർ മന്തറിലുള്ളത് ബലാത്സംഗം ആസ്വദിക്കുന്നവരാണെന്ന് മറ്റൊരു വീഡിയോയിൽ ഇയാൾ ആരോപിച്ചു. അവിടെ കൂട്ട ബലാത്സംഗങ്ങൾ നടക്കുമെന്നും, എന്നാൽ ആർക്കും പരാതിയുണ്ടാകില്ലെന്നുമാണ് മോഹൻദാസ് പറഞ്ഞത്. ഇത്തരം കാര്യങ്ങൾ ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് അവിടെയുള്ളതെന്നും, ഇടത്, ജനാധിപത്യ, മതനിരപേക്ഷ സംഘടനകളിലുള്ളവർ ഇതെല്ലാം ആസ്വദിക്കുന്നവരാണെന്നും അദ്ദേഹം അധിക്ഷേപിച്ചു. ഇതിനിടയിൽ ആരെങ്കിലും മരിച്ചാൽ അവർ രക്തസാക്ഷിയായി മാറുമെന്നും മോഹൻദാസ് കൂട്ടിച്ചേർത്തു.




