Featured Spotlight

ജാതി സംവരണം വേണ്ട, ആര്‍.എച്ച്‌.എയ്ക്ക് 56ലക്ഷം ഫോളോവേഴ്‌സ്, കോക്രോച്ച്‌ ഇഫക്‌ടില്‍ രാജ്യത്ത്‌ പുതിയ രാഷ്‌ട്രീയനീക്കങ്ങള്‍

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേടിയ സമരവിജയത്തിന് പിന്നാലെ, സമാനമായ നിരവധി ഓൺലൈൻ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. ആക്ഷേപഹാസ്യവും പ്രത്യേക ആശയങ്ങളും ശക്തമായ രാഷ്ട്രീയ ആയുധമാക്കാമെന്ന തിരിച്ചറിവാണ് ഇത്തരം നീക്കങ്ങൾക്ക് പ്രചോദനമാകുന്നത്.

രണ്ടുമാസം മുൻപ് അഭിജിത് ദീപ്കെ രൂപീകരിച്ച സി.ജെ.പിക്ക് വിദ്യാഭ്യാസ വിഷയം ഉന്നയിച്ച് രാജ്യത്തെ ‘ജെൻ സി’ തലമുറയെ ഒന്നിപ്പിക്കാനും കേന്ദ്രമന്ത്രിയുടെ രാജി വാങ്ങാനും സാധിക്കുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ, ഇവരുടെ അപ്രതീക്ഷിത വിജയം മറ്റുള്ളവർക്ക് വഴികാട്ടിയാകുകയായിരുന്നു.

ദാരു ജനതാ പാർട്ടി, കബൂത്തർ ജനതാ പാർട്ടി തുടങ്ങിയ ആക്ഷേപഹാസ്യ ഗ്രൂപ്പുകളും, എഥനോൾ കലർത്തിയ പെട്രോളിലെ നിരാശ ഉയർത്തിക്കാട്ടുന്ന ഇ20 ജനതാ പാർട്ടിയും സജീവമാണ്. എന്നാൽ, ഇൻസ്റ്റാഗ്രാം കണക്കുകൾ പ്രകാരം ഇതിൽ ഏറ്റവും വലിയ മുന്നേറ്റം ‘റിസർവേഷൻ ഹഠാവോ ആന്ദോളൻ’ (ആർ.എച്ച്.എ) ആണ്.

ജാതി അടിസ്ഥാനത്തിലുള്ള സംവരണവും ജാതി സെൻസസും അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. സി.ജെ.പിയുടെ പ്രക്ഷോഭ സമയത്താണ് ആർ.എച്ച്.എ സോഷ്യൽ മീഡിയയിൽ ജനപ്രിയമായത്. നിലവിൽ 56 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇവർ, പ്രമുഖ രാഷ്ട്രീയ പാർട്ടി അക്കൗണ്ടുകളെപ്പോലും പിന്നിലാക്കുന്നു. ബി.ജെ.പിക്ക് 96 ലക്ഷവും കോൺഗ്രസിന് 1.49 കോടിയുമാണ് ഫോളോവേഴ്സ്.

ജാതി വിവേചനങ്ങൾ അവസാനിപ്പിച്ച് എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നൂറിലധികം പോസ്റ്റുകളുള്ള ആർ.എച്ച്.എ വ്യക്തമാക്കുന്നു.

സംവരണ രാഷ്ട്രീയത്താൽ തഴയപ്പെട്ടവരുടെ പിന്തുണയോടെ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു എന്നാണ് ഇവരുടെ ഇൻസ്റ്റാഗ്രാം ബയോയിലുള്ളത്. ബി.ആർ. അംബേദ്കറുടെ വാക്കുകൾ കടമെടുക്കുന്ന ഇവരുടെ ആപ്തവാക്യം ‘തുല്യത, മെറിറ്റ്, നീതി’ എന്നതാണ്.

രാഷ്ട്രീയ ബന്ധങ്ങളില്ലാത്ത സ്വതന്ത്ര പൗരമുന്നേറ്റമാണിതെന്ന് ആർ.എച്ച്.എ അവകാശപ്പെടുന്നു. അപേക്ഷകളിൽ ജാതി രേഖപ്പെടുത്തേണ്ടതില്ലാത്ത ‘ഒരു രാജ്യം, ഒരു തിരിച്ചറിയൽ’ എന്ന ആശയമാണ് ഇവർ മുന്നോട്ടുവെക്കുന്നത്.

ഇതിനുപുറമേ ജനറൽ ജനതാ പാർട്ടി, ആന്റി-റിസർവേഷൻ ജനതാ പാർട്ടി തുടങ്ങിയവയും സജീവമാണ്. അതേസമയം, സംവരണമല്ല ജാതിവ്യവസ്ഥയാണ് യഥാർത്ഥ പ്രശ്നമെന്ന് വാദിക്കുന്ന, രണ്ടുലക്ഷത്തിലധികം ഫോളോവേഴ്സുള്ള ‘കാസ്റ്റിസം ഹഠാവോ മൂവ്‌മെന്റ്’ പോലുള്ള സംഘടനകളും പോരാട്ടരംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *