ബീഹാറില്‍ ആൾക്കൂട്ടം കൊള്ളയടിക്കുകയും ആക്രമിക്കുകയും ചെയ്തതിനെത്തുടർന്ന് ചെവി മുറിക്കപ്പെടുകയും ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളലേൽപ്പിക്കുകയും ചെയ്ത 50 വയസ്സുള്ള തുണിവ്യാപാരി ഹുസൈൻ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി മരിച്ചു.
നളന്ദ ജില്ലയിലെ ഗഗൻ ദിവാൻ ഗ്രാമവാസിയായ മുഹമ്മദ് അഥർ ഹുസൈൻ സൈക്കിളിൽ തുണി വിൽപ്പന നടത്തുന്നയാളായിരുന്നു. ഡിസംബർ 5-ന് സാധനങ്ങൾ വിൽക്കുന്നതിനിടെ ഒരു കൂട്ടം ആളുകൾ ഇദ്ദേഹത്തെ തടഞ്ഞുനിർത്തി മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പ്രായപൂർത്തിയാകാത്തവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
ഇതിനിടയ്ക്ക് നാലോ അഞ്ചോ പേരടങ്ങുന്ന ഒരു സംഘം തന്നെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് മരണത്തിന് മുന്‍പ് ഹുസൈന്‍ നല്‍കിയ മൊഴി. തന്നോട് പേര് ചോദിച്ചു. പേര് പറഞ്ഞതോടെ ആക്രമണം തുടങ്ങി. മുസ്ലിമാണെന്ന് ഉറപ്പുവരുത്താൻ പാന്റ് അഴിച്ചുനോക്കി. അതിനുശേഷം കൈകളും കാലുകളും കെട്ടിയിട്ടു, കമ്പികളും ഇഷ്ടികകളും കൊണ്ട് ക്രൂരമായി മർദിച്ചു, നെഞ്ചിൽ ചവിട്ടി നിന്നു, തന്‍റെ വായില്‍ നിന്നും ചോര വന്നു. പ്ലെയര്‍ ഉപയോഗിച്ച് വിരലുകൾ ചതച്ചു, ചൂടുള്ള ഇരുമ്പ് ദണ്ഡുകൾ കൊണ്ട് ശരീരത്തിൽ പൊള്ളലേൽപ്പിച്ചു, തൊലി പൊളിച്ച് അടര്‍ത്തിയെടുത്തു. കൈവശമുണ്ടായിരുന്ന 18,000 രൂപയും കവർന്നെടുത്തു.
ഹുസൈൻ ഭാര്യവീടായ ബരുയി ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഭട്ടാപ്പർ ഗ്രാമത്തിന് സമീപം വെച്ച് സൈക്കിളിന് കേടുപാടുപറ്റി. ഇതോടെ അദ്ദേഹം ഒരു പഞ്ചർ കടക്കായി അന്വേഷണം തുടങ്ങി. അവിടെയുണ്ടായിരുന്ന ഒരു കൂട്ടം ആളുകളോട് അടുത്തുള്ള പഞ്ചർ കടയെക്കുറിച്ച് ചോദിച്ചപ്പോൾ, അവർ അദ്ദേഹത്തിന്റെ പേരും ജോലിയും ചോദിച്ച ശേഷം ആക്രമിക്കുകയും ചെവി മുറിക്കുകയും ചൂടാക്കിയ ദണ്ഡ് കൊണ്ട് അടിക്കുകയും ചെയ്തു.
മതത്തിന്റെ പേരിൽ മാത്രമാണ് ആക്രമികൾ അദ്ദേഹത്തെ ലക്ഷ്യമിട്ടതെന്നും, സംഭവത്തിനുശേഷം ഭരണകൂടം നിസ്സംഗത കാണിച്ചതായും ഹുസൈന്റെ ഭാര്യ ഷബ്നം പർവീണും മക്കളും ആരോപിച്ചു. മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ, ഭർത്താവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾ വിവരിച്ച് ഷബ്നം പർവീൺ വിതുമ്പി. “മറ്റൊരു മതത്തിൽപ്പെട്ടതുകൊണ്ട് മാത്രമാണ് എന്റെ ഭർത്താവിനെ കൊന്നത്. അദ്ദേഹത്തിന്റെ പാന്റ്‌സ് അഴിച്ചുമാറ്റി മതം പരിശോധിച്ചു. തുടർന്ന് അവർ കൈകൾ ഒടിക്കാനും ചെവികൾ മുറിച്ചുമാറ്റാനും വൈദ്യുതാഘാതമേൽപ്പിക്കാനും ക്രൂരമായി മർദ്ദിക്കാനും തുടങ്ങി. ഭരണകൂടത്തിന്റെ പിന്തുണയോ നീതിയോ ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. ഞങ്ങൾക്ക് നീതി വേണം,” അവർ പറഞ്ഞു.
ഡിസംബർ 6-ന് രാത്രി 8 മണിയോടെ ആക്രമണത്തെക്കുറിച്ച് വിശദീകരിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ താൻ രോഹ് പോലീസ് സ്റ്റേഷനെ സമീപിച്ചതായി അവർ പറയുന്നു. എന്നാൽ, അന്നേ ദിവസം രാവിലെ 10 മണിയോടെ തന്നെ അഥർ ഹുസൈനെതിരെ മോഷണക്കുറ്റം ആരോപിച്ച് മറ്റൊരു എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു എന്നും അവർ ആരോപിച്ചു. ഭർത്താവിനെ അപകീർത്തിപ്പെടുത്താനും, ആരോപിക്കപ്പെടുന്ന ആൾക്കൂട്ട ആക്രമണത്തിൽ നിന്ന് ശ്രദ്ധ മാറ്റാനുമാണ് ഇത് മനഃപൂർവം ചെയ്തതെന്നും അവർ അവകാശപ്പെട്ടു. സംഭവത്തിന് ശേഷം പലതവണ അപേക്ഷിച്ചിട്ടും ഭരണകൂടത്തിൽ നിന്ന് തങ്ങൾക്ക് കാര്യമായ സഹായമൊന്നും ലഭിച്ചില്ലെന്നും ഷബ്നം ആരോപിച്ചു.
അതേസമയം, പ്രതികളിലൊരാളായ സിക്കന്ദർ യാദവ് നൽകിയ ഒരു ക്രോസ്സ്-പരാതിയിൽ, അന്നേ ദിവസം രാത്രി 10.15-ഓടെ ഹുസൈൻ മോഷണം നടത്തിയതായി ആരോപിക്കുന്നു.
“സ്വർണ്ണ വളകൾ, മംഗല്യസൂത്രം, വെള്ളി അരപ്പട്ട, പിച്ചള പാത്രങ്ങൾ… എന്നിവ ഞങ്ങളുടെ വീട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ടു,” പരാതിയിൽ പറയുന്നു. “എന്റെ സഹോദരൻ സത്യനാരായൺ കള്ളനെ കണ്ടു, ഗ്രാമവാസികൾ ചില സാധനങ്ങൾ കണ്ടെടുത്ത ശേഷം അയാളെ പിടികൂടി. പിടികൂടുന്നതിനിടെ ഹുസൈൻ ദണ്ഡ് കൊണ്ട് സത്യനാരായണനെ അടിച്ച് പരിക്കേൽപ്പിച്ചു.”
ഹുസൈനെ ആദ്യം പിഎച്ച്‌സി റോഹിൽ എത്തിച്ചു, തുടർന്ന് നവാഡാ സദർ ആശുപത്രിയിലേക്കും ഒടുവിൽ പവപുരി വിംസിലേക്കും റഫർ ചെയ്തു, അവിടെ വെച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി.




