ഡൽഹിയിലെ ജമാ മസ്ജിദ് മാർക്കറ്റിൽ തിരക്കിനിടയിൽ മോഷണം നടത്താൻ ശ്രമിച്ച യുവതിയെ ഒരാൾ കൈയ്യോടെ പിടികൂടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മറ്റൊരാളുടെ ബാഗിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി പിടിയിലായത്. ‘മുഴുവൻ വീഡിയോയും ഞാൻ എടുത്തിട്ടുണ്ട്’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്.
ഷോപ്പിംഗ് നടത്തുന്നവർക്കിടയിൽ വളരെ അടുത്തായി നിന്നുകൊണ്ട് ഒരു സ്ത്രീയുടെ ബാഗിലേക്ക് സംശയാസ്പദമായ രീതിയിൽ കൈയ്യിടാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇയാൾ ഇടപെട്ടത്. കുഞ്ഞിനെയുമെടുത്ത് നിൽക്കുന്ന ഒരു സ്ത്രീയുടെ ബാഗ് തുറക്കാൻ ശ്രമിക്കവെ ഇയാൾ യുവതിയുടെ കൈ പിടിച്ചുവെക്കുകയും താൻ എല്ലാം ക്യാമറയിൽ പകർത്തിയിട്ടുണ്ടെന്ന് ഉറക്കെ പറയുകയും ചെയ്തു. ഇതോടെ ചുറ്റുമുള്ളവർ ശ്രദ്ധിക്കുകയും വലിയ തർക്കം ഉണ്ടാവുകയും ചെയ്തു.
താാൻ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ഇയാൾ വിട്ടില്ല. മറ്റ് ചില യാത്രക്കാരും ഇടപെട്ട് യുവതിയെ തടഞ്ഞുവെക്കാൻ ശ്രമിച്ചു. എന്നാൽ തർക്കത്തിനിടയിൽ പിടിവിടുവിച്ച് യുവതി അവിടെനിന്ന് രക്ഷപ്പെട്ടു. തിരക്കേറിയ മാർക്കറ്റുകളിൽ മോഷണം നടത്തുന്നവർ എത്ര വേഗത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ഈ വീഡിയോ കാണിച്ചുതരുന്നു. മോഷണം കണ്ടുനിൽക്കാതെ പ്രതികരിച്ച യുവാവിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.




