സോഷ്യൽ മീഡിയയിൽ അതിവേഗം പടരുന്ന അതീവ അപകടകരമായ ‘ബ്ലാക്ക്ഔട്ട് ചലഞ്ച്’ വീണ്ടും ആശങ്കയാകുന്നു. ഓക്സിജൻ ലഭിക്കാതെ ബോധം മറയുന്നത് വരെ ശ്വാസം അടക്കിപ്പിടിക്കാൻ പ്രേരിപ്പിക്കുന്ന ഈ വിനോദം കുട്ടികളുടെ ജീവനെടുക്കുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.
അടുത്തിടെ ടെക്സസിലുണ്ടായ ഒരു ദാരുണമായ മരണം ഈ ഭീതി വർദ്ധിപ്പിച്ചു. ഒമ്പത് വയസ്സുകാരിയായ ജാക്ലിൻ കെയ് ബ്ലാക്ക്‌വെൽ ഫെബ്രുവരി 3-ന് ഈ ചലഞ്ചിനിടെ മരണപ്പെട്ടു. കഴുത്തിൽ കയർ മുറുക്കിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ശ്വാസം തടസ്സപ്പെടുത്തി ബോധം കെടുത്തുന്ന ഈ അപകടകരമായ പ്രവൃത്തി ‘ചോക്കിംഗ് ചലഞ്ച്’ എന്നും അറിയപ്പെടുന്നു. ഇത്തരം വൈറൽ ചലഞ്ചുകൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
കേവലം ഒരു വിനോദമായി ഇതിനെ ചിലർ കാണുന്നുണ്ടെങ്കിലും, ഓക്സിജൻ നിലയ്ക്കുന്നത് ശരീരത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും മരണവും വരെ സംഭവിക്കാൻ കാരണമാകും. 2025-ൽ ഇതേ ചലഞ്ചുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ നാല് കൗമാരക്കാരുടെ മാതാപിതാക്കൾ ടിക് ടോക്കിനെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. ഐസക് കെനവൻ (13), ആർച്ചി ബാറ്റർസ്‌ബീ (12), ജൂലിയൻ സ്വീനി (14), മായ വാൽഷ് (13) എന്നീ കുട്ടികളുടെ മരണത്തിന് പിന്നിൽ ഈ പ്രവണതയാണെന്നാണ് പരാതിയിൽ പറയുന്നത്.
2021-ൽ പ്രചാരത്തിലുണ്ടായിരുന്ന ഈ ചലഞ്ച് വീണ്ടും സജീവമാകുന്നത് സോഷ്യൽ മീഡിയയുടെ സുരക്ഷിതത്വത്തെക്കുറിച്ചും കുട്ടികളിൽ അവയുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.




