Featured Oddly News

ആഞ്ജനേയാ.. വഞ്ചന? ഹനുമാന് നൽകിയ 2.5 കോടിയുടെ ‘സ്വർണം’ വെറും ചെമ്പ്; വ്യവസായിയുടെ കള്ളി വെളിച്ചത്തായി!

കൊപ്പൽ: ഹൈദരാബാദിലെ അഞ്ജനാദ്രി കുന്നിലെ ക്ഷേത്രത്തിൽ 2.5 കോടി രൂപയുടെ സ്വർണാഭരണങ്ങൾ എന്ന് അവകാശപ്പെട്ട് സമർപ്പിച്ചത് ചെമ്പ് പൂശിയ വസ്തുക്കളാണെന്ന് കണ്ടെത്തി. വിശദമായ പരിശോധനയിലാണ് സമർപ്പിക്കപ്പെട്ട വസ്തുക്കളിൽ ഭൂരിഭാഗവും ചെമ്പാണെന്ന് വ്യക്തമായത്. ഹൈദരാബാദ് സ്വദേശിയായ വ്യവസായി മഹേഷ് റെഡ്ഡി കഴിഞ്ഞ എട്ടിനാണ് ഹനുമാൻ ക്ഷേത്രത്തിലേക്ക് ഈ ആഭരണങ്ങൾ നൽകിയത്. ഒരു പ്രഭാവലി, ചക്രം, ഗദ എന്നിവയായിരുന്നു കാണിക്കയായി സമർപ്പിച്ചിരുന്നത്.

ഗംഗാവതി എം.എൽ.എ ഗാലി ജനാർദന റെഡ്ഡിക്കൊപ്പമാണ് വ്യവസായി ക്ഷേത്രത്തിലെത്തിയത്. തന്റെ അനുയായി 2.5 കോടി വിലവരുന്ന സ്വർണാഭരണങ്ങൾ സമർപ്പിച്ചതായി ജനാർദന റെഡ്ഡി അന്ന് പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. എന്നാൽ ആഭരണങ്ങൾ സർക്കാർ ഖജനാവിലേക്ക് മാറ്റുന്നതിന് മുന്നോടിയായി ജില്ലാ അധികൃതർ നടത്തിയ പരിശോധനയിലാണ് വഞ്ചന പുറത്തായത്. ഈ ആഭരണങ്ങളിൽ ആകെ 28 ഗ്രാം സ്വർണം മാത്രമേയുള്ളൂവെന്നും ബാക്കിയെല്ലാം ചെമ്പാണെന്നുമാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.

സംഭവം വിവാദമായതോടെ മഹേഷ് റെഡ്ഡി കുടുങ്ങിയിരിക്കുകയാണ്. ആഭരണങ്ങൾ വാങ്ങിയതിന്റെ ബില്ലുകളോ മറ്റ് രേഖകളോ ഹാജരാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സമർപ്പിച്ചയാളുടെ താല്പര്യപ്രകാരം രണ്ടു ദിവസം മാത്രമാണ് ഈ ആഭരണങ്ങൾ വിഗ്രഹത്തിൽ ചാർത്തിയിരുന്നതെന്ന് ക്ഷേത്രം അധികൃതർ വ്യക്തമാക്കി. കാണിക്കയായി ലഭിച്ച വസ്തുക്കളുടെ ആധികാരികത തെളിയിക്കുന്ന ബില്ലുകൾ സമർപ്പിക്കാൻ ജില്ലാ ഭരണകൂടം വ്യവസായിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

കൃത്യമായ രേഖകൾ ഹാജരാക്കുന്നതുവരെ ഇവ സർക്കാരിലേക്ക് ഏറ്റെടുക്കില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് മുൻഗണനയെന്ന് അധികൃതർ പറഞ്ഞു. അതേസമയം, മതപരമായ സംഭാവനകളുടെ പേരിൽ വ്യാജമായി പ്രശസ്തി നേടാനുള്ള ശ്രമങ്ങളെ നാട്ടുകാരും ഭക്തരും ശക്തമായി വിമർശിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *