കേരളത്തിനെതിരെ എക്സിൽ വ്യാപകമായ രീതിയിൽ വിദ്വേഷ പ്രചരണം . വർഷങ്ങളായി തങ്ങളെ പീഡിപ്പിച്ചുകൊണ്ടിരുന്ന പിതാവിന്റെ ജനനേന്ദ്രിയം മൂന്ന് പെൺമക്കൾ ചേർന്ന് ഛേദിച്ചു എന്ന തരത്തിലാണ് ചില പേജുകളിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ ഇത് കേരളത്തിൽ നടന്ന സംഭവമല്ലെന്നും, മറിച്ച് ബംഗ്ലാദേശിൽ നിന്നുള്ളതാണെന്നും ഉള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്. മതസ്പർധ വളർത്തുന്ന രീതിയിലുള്ള പരാമർശങ്ങളോടെയാണ് ഈ ട്വീറ്റുകൾ പ്രചരിപ്പിക്കപ്പെടുന്നത്.
ഈ വ്യാജപ്രചരണത്തിന്റെ വസ്തുത പുറത്തുകൊണ്ടുവന്ന് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ മാധ്യമപ്രവർത്തകനും ഫാക്ട് ചെക്കറുമായ മുഹമ്മദ് സുബൈർ. പ്രചരിക്കുന്ന വീഡിയോ കേരളത്തിൽ നിന്നുള്ളതല്ലെന്നും ബംഗ്ലാദേശിൽ നടന്നതാണെന്നും വ്യാജ വീഡിയോ പങ്കുവെച്ചുകൊണ്ട് സുബൈർ വ്യക്തമാക്കി.
ബംഗ്ലാദേശിൽ ഭർത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചുമാറ്റിയ സംഭവത്തിന്റെ വീഡിയോയാണ്, കേരളത്തിൽ പെൺമക്കൾ അച്ഛനെ ആക്രമിച്ചതാണെന്ന പേരിൽ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതെന്ന് സുബൈർ കുറിച്ചു. ഈ വീഡിയോക്ക് കേരളവുമായി യാതൊരു ബന്ധവുമില്ലെന്നും, ഇതിനോടൊപ്പം പ്രചരിക്കുന്ന ലൈംഗിക പീഡന വിവരങ്ങൾ തികച്ചും വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യഥാർത്ഥത്തിൽ ബംഗ്ലാദേശിലെ ഫരീദാബാദ് സ്വദേശിയായ ഹനീഫ് എന്ന വ്യക്തിയെ അദ്ദേഹത്തിന്റെ ആദ്യഭാര്യ സുമി ആക്രമിച്ച സംഭവമാണിത്. മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് സുമി ഭർത്താവിന്റെ ലിംഗം മുറിച്ചെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹനീഫിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയിൽ ഹനീഫിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത്. ഹനീഫ് വേദനകൊണ്ട് നിലവിളിച്ച് വീടിന് പുറത്തേക്ക് ഓടുന്നതിന്റെയും നാട്ടുകാർ തടിച്ചുകൂടുന്നതിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തെറ്റായ രീതിയിൽ വൈറലാകുന്നത്.




