ബെർലിൻ: വിമാനയാത്രയ്ക്കിടെ ജനൽപ്പാളി തകർന്ന് പകുതിയോളം പുറത്തേക്ക് തെറിച്ചുപോയ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗ്രീസിൽ നിന്നും ജർമനിയിലേക്ക് പുറപ്പെട്ട റയാൻ എയർ വിമാനത്തിലാണ് സിനിമാക്കഥയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
സീറ്റ്‌ബെൽറ്റ് ധരിച്ചിരുന്നതിനാലും കൂടെയുണ്ടായിരുന്ന സഹയാത്രക്കാർ കൃത്യസമയത്ത് ഇടപെട്ട് ഉള്ളിലേക്ക് വലിച്ചുകയറ്റിയതിനാലുമാണ് ഈ സെർബിയൻ സ്വദേശിയുടെ ജീവൻ തിരികെ കിട്ടിയത്. വിനോദസഞ്ചാരിയായ ഇയാളെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗ്രീസിലെ തെസലോനികിയിൽ നിന്നും ജർമനിയിലെ മെമ്മിംഗവനിലേക്ക് പോവുകയായിരുന്ന വിമാനം വടക്കൻ മാസിഡോണിയയ്ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഈ അപകടം സംഭവിച്ചത്.
വിമാനത്തിലുണ്ടായിരുന്ന മിക്ക യാത്രക്കാരും ഉറക്കത്തിലായിരുന്ന സമയത്ത് ടയർ പൊട്ടുന്നതിന് സമാനമായ വലിയൊരു ശബ്ദം കേൾക്കുകയായിരുന്നു. തൊട്ടുപിന്നാലെ വിമാനത്തിനുള്ളിലെ വായുമർദ്ദം വേഗത്തിൽ താഴുകയും ഓക്‌സിജൻ മാസ്‌ക്കുകൾ തനിയെ താഴേക്ക് വീഴുകയും ചെയ്തു. ഇതിനൊപ്പം വിമാനത്തിനുള്ളിൽ ശക്തമായ ഒരു ദുർഗന്ധം അനുഭവപ്പെട്ടതായും യാത്രക്കാർ പറയുന്നു.
ഈ സമയത്താണ് ഒരു യാത്രക്കാരന്റെ തലയും തോളും ജനലിന് പുറത്തേക്ക് പോയ നിലയിൽ മറ്റുള്ളവർ കണ്ടത്. ഭാഗ്യത്തിന് അദ്ദേഹം സീറ്റ്‌ബെൽറ്റ് ധരിച്ചിരുന്നു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന സഹയാത്രക്കാർ ചേർന്ന് ഇയാളെ ബലമായി ഉള്ളിലേക്ക് വലിച്ചുകയറ്റുകയായിരുന്നു എന്ന് ഒരു വനിതാ യാത്രിക മാധ്യമങ്ങളോട് വ്യക്തമാക്കി.
അപകടത്തെത്തുടർന്ന് വിമാനം ഉടൻ തന്നെ ഗ്രീസിലെ തെസലോനികിയിലേക്ക് തിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ഉടൻ പരിക്കേറ്റ യാത്രക്കാരന് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയതായി റയാൻ എയർ അധികൃതർ അറിയിച്ചു. പിന്നീട് മണിക്കൂറുകൾക്ക് ശേഷം മറ്റൊരു വിമാനം ഏർപ്പെടുത്തിയാണ് യാത്രക്കാരെ ജർമനിയിൽ എത്തിച്ചത്.
വിമാനത്തിന്റെ എഞ്ചിനിൽ നിന്നും വേർപെട്ട ഒരു ഭാഗം വന്നിടിച്ചതാണ് ജനൽ തകരാൻ ഇടയാക്കിയതെന്നാണ് ഗ്രീക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.




