ലഖ്നൗ: കൃഷ്ണ വിഗ്രഹത്തെ വിവാഹം ചെയ്ത് യു.പി. യുവതി. അനുഗ്രഹവര്‍ഷവുമായി ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ ബുദൗന്‍ ജില്ലയില്‍ കാസിമാബാദ് ഗ്രാമത്തില്‍നിന്നുള്ള പിങ്കി ശര്‍മ്മ(28)യാണ് ഹിന്ദു ആചാര പ്രകാരം വിഗ്രഹത്തെ വിവാഹം ചെയ്തത്. ബിരുദാനന്തര ബിരുദധാരിയും കൃഷ്ണന്റെ ഭക്തയുമാണു പിങ്കി. കുടുംബാംഗങ്ങളും ബന്ധുക്കളും ഗ്രാമവാസികളും ഒരു സാധാരണ വിവാഹത്തിലെന്നപോലെ ചടങ്ങില്‍ പങ്കെടുത്തു.
പിങ്കിയുടെ വീട് വിവാഹത്തിനായി അലങ്കരിച്ചിരുന്നു. വിവാഹ പന്തല്‍ ഒരുക്കുകയും വരന്റെ വേഷത്തില്‍ അലങ്കരിച്ച ശ്രീകൃഷ്ണ വിഗ്രഹം കാറില്‍ അവരുടെ സഹോദരന്റെ ഭാര്യ ഇന്‍ഡ്രേഷ് കുമാര്‍ എത്തിക്കുകയും ചെയ്തു. ഏകദേശം 125 പേര്‍ വിവാഹ സംഘമായി എത്തി. ഘോഷയാത്ര അവരുടെ വീട്ടിലെത്തിയപ്പോള്‍, സാധാരണപോലെ വരനെ സ്വീകരിച്ചു.
പിങ്കി വിഗ്രഹം കൈയിലെടുത്ത് ചടങ്ങുകള്‍ക്കായി വേദിയിലേക്ക് കയറി. അവര്‍ വിഗ്രഹത്തോടൊപ്പം പുഷ്പമാലകള്‍ കൈമാറി. തുടര്‍ന്ന് സിന്ദൂര ചടങ്ങും നടന്നു. വൃന്ദാവനത്തില്‍നിന്നുള്ള കലാകാരന്മാര്‍ ഭക്തിഗാനങ്ങള്‍ അവതരിപ്പിച്ചു. ശ്രീകൃഷ്ണ വിഗ്രഹവുമായി പിങ്കി അഗ്നിയെ ഏഴ് തവണ വലംവച്ചു.
പിങ്കി ബാല്യകാലം മുതല്‍ കൃഷ്ണ ഭക്തയാണെന്നു പിതാവ് സുരേഷ് ചന്ദ്ര പറഞ്ഞു. നാല് മാസം മുന്‍പ് വൃന്ദാവനിലെ ബാങ്ക് ബിഹാരി ക്ഷേത്രത്തില്‍ പ്രസാദം സ്വീകരിക്കുമ്പോള്‍ ഒരു സ്വര്‍ണ മോതിരം അവരുടെ ശിരോവസ്ത്രത്തില്‍ വീണു. ഇത് ദൈവത്തിന്റെ അനുഗ്രഹമായി പിങ്കി കണക്കാക്കി. ഇനി മനുഷ്യരെ വിവാഹം കഴിക്കില്ലെന്നും കൃഷ്ണനെ മാത്രമേ വിവാഹം കഴിക്കൂ എന്നും തീരുമാനിക്കുകയും ചെയ്തു. പിന്നീട് അവര്‍ രോഗബാധിതതയായി. രോഗമുക്തി നേടിയത് മറ്റൊരു സൂചനയായി അവര്‍ കണ്ടു.
അമ്മ രമേന്ദ്രിക്ക് ആദ്യം ഈ ആശയം വിചിത്രമായി തോന്നിയെങ്കിലും, പിങ്കിയുടെ ഭക്തിയില്‍നിന്നുണ്ടായ ഈ തീരുമാനം കുടുംബം അംഗീകരിച്ചതായി പിതാവ് പറഞ്ഞു. ജീവിതം ദൈവത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നും തന്റെ സമാധാനം ഭക്തിയിലും കൃഷ്ണനോടുള്ള സമര്‍പ്പണത്തിലുമാണെന്നും പിങ്കി പറഞ്ഞു.




