വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയുണ്ടായ വെടിവയ്പ്പിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ഉയരുന്നു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് ചടങ്ങിന് മുൻപ് നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. “ട്രംപ് നിങ്ങളെ അമ്പരപ്പിക്കാൻ തയ്യാറാണ്, തമാശയും കാര്യങ്ങളും നിറഞ്ഞ ഒരു പ്രസംഗമാകും ഇത്, ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം (there will be some shots fired tonight)” എന്നായിരുന്നു ലിവിറ്റിന്റെ വാക്കുകൾ. ട്രംപിന്റെ വാചകക്കസർത്തുകളെ ഉദ്ദേശിച്ചാണ് ഇതെങ്കിലും, യഥാർത്ഥത്തിൽ വെടിയൊച്ച മുഴങ്ങിയതോടെ ലിവിറ്റിന്റെ പ്രസ്താവന ചർച്ചാവിഷയമായി.
ഹിൽട്ടൺ ഹാളിന് സമീപം വെടിവെപ്പ് ഉണ്ടായതോടെ ബോൾറൂമിൽ വലിയ പരിഭ്രാന്തി പടർന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിനെയും ജെ.ഡി. വാൻസിനെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ചടങ്ങിനെത്തിയ അതിഥികളോട് കസേരകളിൽ നിന്ന് നിലത്തേക്ക് മാറാൻ സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. രണ്ടായിരത്തോളം വരുന്ന അതിഥികൾ ടേബിളുകൾക്ക് താഴെ ഒളിച്ചിരിക്കുന്ന സാഹചര്യമാണ് മിനിറ്റുകൾക്കുള്ളിൽ ഉണ്ടായത്.
ലിവിറ്റ് പറഞ്ഞത് അക്ഷരാർത്ഥത്തിൽ സംഭവിച്ചുവെന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം. ഇത് ഒരു മുൻകൂട്ടിയുള്ള പ്രവചനം പോലെയായിപ്പോയെന്നും ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ഇതിനുപിന്നാലെ വരുമെന്നും പലരും കുറിച്ചു. എല്ലാവരും സുരക്ഷിതരാണെന്നത് വലിയ ആശ്വാസമാണെന്നും ആളുകൾ പ്രതികരിക്കുന്നുണ്ട്.
സീക്രട്ട് സർവീസും പോലീസും ചേർന്ന് അക്രമിയെ കീഴടക്കിയെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുന്നതിന്റെ ചിത്രവും വീഡിയോയും അദ്ദേഹം പങ്കുവെച്ചു. കാലിഫോർണിയ സ്വദേശിയായ അക്രമിയുടെ പക്കൽ ഒന്നിലധികം ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി.
31 കാരനായ കോൾ തോമസ് അലനാണ് അക്രമിയെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. തനിക്കെതിരെ നടക്കുന്ന ആദ്യത്തെ വധശ്രമമല്ല ഇതെന്നും, സമൂഹത്തിൽ മാറ്റം കൊണ്ടുവരുന്നവരെയാണ് ഇത്തരം അക്രമികൾ ലക്ഷ്യമിടുന്നതെന്നും ട്രംപ് പ്രതികരിച്ചു.
ബോൾറൂമിന് പുറത്താണ് സംഭവം നടന്നതെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഇതേത്തുടർന്ന് അത്താഴ വിരുന്ന് മാറ്റിവെച്ചതായും ഒരു മാസത്തിനുള്ളിൽ ഇത് നടത്തുമെന്നും ട്രംപ് അറിയിച്ചു. അക്രമി നിലവിൽ എഫ്.ബി.ഐയുടെ കസ്റ്റഡിയിലാണ്.




