വകുപ്പ് വിഭജനത്തിൽ ഇടഞ്ഞ കെ മുരളീധരന് വഴങ്ങി കോൺഗ്രസ് നേതൃത്വം. നേരത്തെ നിശ്ചയിച്ച വൈദ്യുതി വകുപ്പിന് പകരം മുരളീധരൻ ആവശ്യപ്പെട്ട ആരോഗ്യ വകുപ്പും, ഒപ്പം ദേവസ്വവും നൽകും. വൈദ്യുതി വകുപ്പെങ്കിൽ ചുമതല ഏൽക്കാനില്ലെന്നും സത്യപ്രതിജ്ഞക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കിയതോടെയാണ് നേതൃത്വം വഴങ്ങിയത്.
മന്ത്രിമാരുടെ പട്ടികയിൽ കെ.സി. വേണുഗോപാൽ പക്ഷം സമ്മർദ്ദം ചെലുത്തിയതോടെ എ.പി. അനിൽകുമാറിന് ആരോഗ്യ വകുപ്പ് നൽകാൻ നീക്കമുണ്ടായിരുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിച്ച മുരളീധരൻ, വകുപ്പ് മാറ്റിയില്ലെങ്കിൽ മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാടിലായിരുന്നു. ഇതോടെയാണ് പാർട്ടി അദ്ദേഹത്തെ അനുനയിപ്പിച്ചത്.
വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെയും അവർക്ക് ലഭിക്കുന്ന വകുപ്പുകളുടെയും കാര്യത്തിൽ ഇപ്പോൾ ഏകദേശ ധാരണയായിട്ടുണ്ട്. മന്ത്രിമാരുടെ അന്തിമ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ രാജ്ഭവനിലെത്തി ഗവർണർക്ക് കൈമാറി. കോൺഗ്രസിന് ആകെ 11 മന്ത്രിമാരാണുള്ളത്. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായും ചുമതലയേൽക്കും.
കോൺഗ്രസിൽ നിന്ന് രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി. അനിൽകുമാർ, ടി. സിദ്ധിഖ്, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം. ലിജു എന്നിവർക്ക് പുറമെ ഒ.ജെ. ജനീഷും കെ.എ. തുളസിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ഇവർക്കൊപ്പം റോജി എം. ജോൺ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി. ജോൺ, അനൂപ് ജേക്കബ് എന്നിവരും മന്ത്രിമാരുടെ അന്തിമ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
മന്ത്രിസ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ചില ടേം വ്യവസ്ഥകളും മുന്നണിയിലുണ്ട്. രണ്ടര വർഷത്തെ കാലാവധിക്ക് ശേഷം മോൻസ് ജോസഫിന് പകരമായി ഐ.സി. ബാലകൃഷ്ണനും, കെ.എ. തുളസിക്ക് പകരമായി മറ്റൊരാളും മന്ത്രിസഭയിലെത്തും. മാണി സി. കാപ്പനും അനൂപ് ജേക്കബും ടേം വ്യവസ്ഥയിലാണ് മന്ത്രിമാരാകുന്നത്, ഇതിൽ ആദ്യത്തെ ഊഴം അനൂപ് ജേക്കബിനായിരിക്കും.
മുസ്ലിം ലീഗും തങ്ങളുടെ അഞ്ച് മന്ത്രിമാരുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവരാണ് ലീഗിൽ നിന്ന് മന്ത്രിസഭയിലേക്ക് എത്തുന്നത്. ഇവരിൽ രണ്ടര വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ കോഴിക്കോട് നിന്നുള്ള പ്രതിനിധിയായി പാറയ്ക്കൽ അബ്ദുല്ല മന്ത്രിയാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.




