കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളിൽ നിലപാട് കടുപ്പിച്ച് മുസ്ലീം ലീഗ് രംഗത്തെത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിനുള്ളിൽ ഉയർന്ന തർക്കങ്ങളിൽ ഇതുവരെ മൗനം പാലിച്ചെങ്കിലും, ശനിയാഴ്ച കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഭാരവാഹികൾ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.
അധികാരം ലഭിക്കുകയാണെങ്കിൽ കഴിഞ്ഞ അഞ്ചുവർഷം പ്രതിപക്ഷത്തെ നയിച്ചും സർക്കാരിനെതിരെ പോരാടിയും മുന്നണിയെ ശക്തിപ്പെടുത്തിയ നേതാവ് തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് ലീഗിന്റെ പക്ഷം. ഇക്കാര്യത്തിൽ ഘടകകക്ഷികളുടെ അഭിപ്രായം മുന്നണി മാനിക്കണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റൊരാളെ കെട്ടിയിറക്കുന്നത് ജനവികാരത്തിന് വിരുദ്ധവും നിലവിലെ പ്രതിപക്ഷ നേതാവിനോടുള്ള അനീതിയുമാകുമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. വി.ഡി. സതീശന്റെ പേരെടുത്തു പറഞ്ഞാണ് പലരും പിന്തുണ അറിയിച്ചത്. പാണക്കാട് സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ഈ പൊതുവികാരത്തിനൊപ്പം നിന്നു.
ഉപതിരഞ്ഞെടുപ്പുകളിലും ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് മികച്ച വിജയം നേടിക്കൊടുത്തത് സതീശന്റെ നേതൃത്വമാണെന്ന് യോഗം വിലയിരുത്തി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ അദ്ദേഹം തന്നെ മുഖ്യമന്ത്രിയാകണം. പോരാട്ടങ്ങൾക്കെല്ലാം നേതൃത്വം നൽകിയ നായകനോട് വിജയിച്ചു വരുമ്പോൾ മാറിനിൽക്കാൻ പറയുന്നത് ക്രൂരതയാണ്. അധികാരം ലഭിച്ചാൽ അത് നയിച്ച വ്യക്തിക്ക് ജനങ്ങൾ നൽകിയ അംഗീകാരമായി കാണണം.
വിഷയത്തിൽ കെ.സി. വേണുഗോപാൽ ഒരു തീരുമാനമെടുത്താൽ പ്രശ്നം തീരുമെന്ന് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ഇത്തവണ ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചാൽ അത് നിരസിക്കരുതെന്ന് കുഞ്ഞാലിക്കുട്ടിയോട് ചില ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു. മുമ്പ് ആ സ്ഥാനം ലഭിച്ചിട്ടും വേണ്ടെന്നു വെച്ചത് സി.എച്ച്. മുഹമ്മദ് കോയയെയും അവുക്കാദർകുട്ടി നഹയെയും പോലുള്ള നേതാക്കൾ ഇരുന്ന കസേരയോടുള്ള ബഹുമാനം കൊണ്ടാണെന്ന് അദ്ദേഹം മറുപടി നൽകി.
മത്സരിച്ച 23 സീറ്റുകളിലും വിജയം ഉറപ്പാണെന്ന് ലീഗ് വിലയിരുത്തി. മലപ്പുറത്തെ 16 സീറ്റിലും തികഞ്ഞ വിജയപ്രതീക്ഷയുണ്ട്. കടുത്ത പോരാട്ടം നടന്ന നാല് സീറ്റുകളിൽ തരംഗമുണ്ടായാൽ അട്ടിമറി വിജയം നടക്കും. ഭരണത്തിലെത്തിയാൽ തലസ്ഥാനം കേന്ദ്രീകരിച്ച് ഉപജാപക സംഘങ്ങൾ പാർട്ടിയെ നിയന്ത്രിക്കുന്ന സാഹചര്യം ഉണ്ടാകരുത്. പത്തുവർഷം അധികാരത്തിന് പുറത്തുനിന്നപ്പോൾ കൂടെനിന്നവരെ അവഗണിക്കരുത്. മന്ത്രിമാർക്കും എം.എൽ.എമാർക്കും പെരുമാറ്റച്ചട്ടം വേണമെന്നും പാർട്ടിക്ക് മുകളിൽ ആരും വളരരുതെന്നും നിർദ്ദേശമുയർന്നു.
സമുദായ ഐക്യത്തിന് ഊന്നൽ നൽകിയാണ് സാദിഖലി തങ്ങൾ സംസാരിച്ചത്. വിമർശകരെ അടിച്ചമർത്തുന്ന രീതി പാടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലീഗ് ഒരു മാതാവിനെപ്പോലെയാണ്. മക്കൾ വിമർശിക്കുമ്പോൾ അത് തിരുത്തി മുന്നോട്ടുപോകണം. സമസ്ത ഉൾപ്പെടെയുള്ള സംഘടനകളുടെ വിമർശനങ്ങളെ സൂചിപ്പിച്ച്, ആരോടും പ്രതികാര ബുദ്ധി കാണിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.




