പാചകവാതക വിതരണ രംഗത്തെ കരിഞ്ചന്തയും വെട്ടിപ്പും തടയാൻ പുതിയ ഡിജിറ്റൽ സംവിധാനവുമായി സർക്കാർ. വീടുകളിലേക്ക് നൽകുന്ന സബ്‌സിഡിയുള്ള എൽ.പി.ജി സിലിണ്ടറുകൾ അനധികൃതമായി മറിച്ചുവിൽക്കുന്നത് തടയാൻ ‘ഡെലിവറി ഓതന്റിക്കേഷൻ കോഡ്’ എന്ന ഒ.ടി.പി അധിഷ്ഠിത സംവിധാനമാണ് നടപ്പിലാക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം മൂലം ഗ്യാസ് വിതരണത്തിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് സർക്കാർ ഈ മുൻകരുതൽ ശക്തമാക്കിയത്.
എന്താണ് ഡി.എ.സി സംവിധാനം എന്ന് നോക്കാം. ഉപഭോക്താവ് ഗ്യാസ് ബുക്ക് ചെയ്യുമ്പോൾ അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒ.ടി.പി സന്ദേശമായി ലഭിക്കും. ഗ്യാസ് സിലിണ്ടർ വീട്ടിലെത്തിക്കുമ്പോൾ ഈ കോഡ് ഡെലിവറി നടത്തുന്ന ആളിന് നൽകിയാൽ മാത്രമേ വിതരണം പൂർത്തിയാകൂ. മുൻപ് 53 ശതമാനമായിരുന്ന ഈ സംവിധാനം ഇപ്പോൾ 72 ശതമാനം വിതരണങ്ങളിലും നിർബന്ധമാക്കിയിട്ടുണ്ട്. ഇത് 80 ശതമാനത്തിലേക്ക് ഉയർത്താനാണ് പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
കരിഞ്ചന്ത തടയാൻ ഈ സംവിധാനം എങ്ങനെ സഹായിക്കുന്നു എന്ന് പരിശോധിച്ചാൽ, ഒ.ടി.പി നൽകാതെ സിലിണ്ടർ കൈമാറിയാൽ അത് ഏജൻസിയുടെ സ്റ്റോക്കിൽ ബാക്കിയുള്ളതായി ഡിജിറ്റൽ രേഖകളിൽ കാണിക്കും. ഇത് കൃത്രിമങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ അധികൃതരെ സഹായിക്കും. ഗ്യാസ് ബുക്കിംഗ് മുതൽ ഡെലിവറി വരെയുള്ള ഓരോ ഘട്ടത്തിലും ഉപഭോക്താവിന് എസ്.എം.എസ് വഴി വിവരങ്ങൾ ലഭിക്കുന്ന സംവിധാനവും ഇപ്പോൾ നിലവിലുണ്ട്.
ഈ സേവനം ഉറപ്പാക്കാൻ ഉപഭോക്താക്കൾ തങ്ങളുടെ മൊബൈൽ നമ്പർ ഗ്യാസ് ഏജൻസിയിലോ അതത് കമ്പനികളുടെ ആപ്പിലോ ലിങ്ക് ചെയ്യേണ്ടതുണ്ട്. ഐ.വി.ആർ.എസ് വഴിയോ ഓൺലൈൻ പോർട്ടലുകൾ വഴിയോ ബുക്ക് ചെയ്യുമ്പോൾ ഒ.ടി.പി തനിയെ ലഭിക്കും. ഏതെങ്കിലും കാരണവശാൽ ഒ.ടി.പി ലഭിച്ചില്ലെങ്കിൽ ആധാർ കാർഡ് കാണിച്ച് സിലിണ്ടർ കൈപ്പറ്റാനുള്ള സൗകര്യവുമുണ്ട്. സർക്കാർ ഖജനാവിനുണ്ടാകുന്ന വലിയ നഷ്ടം ഒഴിവാക്കാനും സാധാരണക്കാർക്ക് അർഹമായ സബ്‌സിഡി സിലിണ്ടർ തടസ്സമില്ലാതെ വീട്ടിലെത്താനും ഈ ലളിതമായ ഡിജിറ്റൽ സംവിധാനം വഴി സാധിക്കും.




