കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ അമ്മമാർക്ക് എപ്പോഴും വലിയ ശ്രദ്ധയുണ്ട്. അവരുടെ ഭക്ഷണക്രമം മുതൽ കുടിക്കുന്ന വെള്ളം വരെ കൃത്യമായിരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. വളരുന്ന പ്രായത്തിൽ കുട്ടികളുടെ എല്ലുകൾക്ക് ബലം ലഭിക്കാൻ പാൽ നൽകുന്നത് നമ്മുടെ നാട്ടിലെ ഒരു പതിവാണ്. എന്നാൽ വിപണിയിൽ പലതരം പാൽ ലഭ്യമായതുകൊണ്ട് തന്നെ, ഏതാണ് കുട്ടികൾക്ക് കൂടുതൽ അനുയോജ്യം എന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്.
അടുത്തിടെ രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. നാടൻ പശുവിന്റെ പാൽ കുടിക്കുന്നത് കുട്ടികളുടെ ബുദ്ധിശക്തിയും ഊർജ്ജവും വർദ്ധിപ്പിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ട്?
പശുവിൻ പാലും എരുമപ്പാലും തമ്മിൽ പോഷക ഗുണങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും, ഒന്ന് മറ്റൊന്നിനേക്കാൾ മികച്ചതാണെന്ന് പറയാൻ ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. എരുമപ്പാലിൽ പശുവിൻ പാലിനേക്കാൾ കൊഴുപ്പ് കൂടുതലാണ്. അതുകൊണ്ടുതന്നെ ഇതിൽ കലോറി കൂടുതലായിരിക്കും, ചില കുട്ടികൾക്ക് ഇത് ദഹിപ്പിക്കാൻ അല്പം പ്രയാസമുണ്ടാകാം.
പോഷകാംശങ്ങളുടെ കാര്യമെടുത്താൽ എരുമപ്പാലിൽ പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ബി12 എന്നിവ പശുവിൻ പാലിനേക്കാൾ കൂടുതലായി അടങ്ങിയിട്ടുണ്ട്. നാഡീവ്യൂഹത്തിന്റെ ആരോഗ്യം, തലച്ചോറിന്റെ പ്രവർത്തനം, ചുവന്ന രക്താണുക്കളുടെ നിർമ്മാണം എന്നിവയ്ക്ക് ഈ പോഷകങ്ങൾ അത്യാവശ്യമാണ്. ഇവ കുട്ടികളുടെ പൊതുവായ ആരോഗ്യത്തിന് നല്ലതാണെങ്കിലും ബുദ്ധിശക്തിയുമായി ഇവയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പറയാനാകില്ല.
പശുവിൻ പാൽ എളുപ്പത്തിൽ ദഹിക്കുന്ന ഒന്നായതുകൊണ്ട് ചെറിയ കുട്ടികൾക്ക് ഇത് നൽകുന്നതാണ് പൊതുവെ നല്ലത്. എന്നാൽ പശുവിൻ പാൽ കുടിച്ചാൽ കുട്ടികൾക്ക് ബുദ്ധി കൂടും എന്ന വാദത്തിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ല.




