Lifestyle

പല്ലികളെ ഓടിക്കാൻ ഇനി വിഷം വേണ്ട; വീട്ടിലെ ഈ വിദ്യകൾ പരീക്ഷിക്കൂ!

വേനൽക്കാലം തുടങ്ങുന്നതോടെ വീടിന്റെ ഭിത്തികളിൽ പല്ലികൾ പ്രത്യക്ഷപ്പെടുന്നത് പതിവാണ്. ഇവ സാധാരണയായി മനുഷ്യരെ ഉപദ്രവിക്കാറില്ലെങ്കിലും, ഭിത്തികളിലൂടെ ഓടിനടക്കുന്ന പല്ലികളെ കാണുന്നത് പലർക്കും പേടിയും അസ്വസ്ഥതയും ഉണ്ടാക്കുന്ന കാര്യമാണ്. കൂടാതെ, അടുക്കളയിലെ ഭക്ഷണസാധനങ്ങൾക്ക് സമീപം പല്ലികൾ വരുന്നത് ഒട്ടും ശുചിത്വമുള്ള കാര്യമല്ല. അതിനാൽ, പല്ലികളെ വീട്ടിൽ നിന്ന് അകറ്റി നിർത്താനുള്ള ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ താഴെ പറയുന്നവയാണ്.

നിങ്ങൾ മുട്ട കഴിക്കുന്നവരാണെങ്കിൽ, മുട്ടത്തോട് കളയാതെ പല്ലികളെ ഓടിക്കാൻ ഉപയോഗിക്കാം. മുട്ടത്തോടിന്റെ ഗന്ധം പല്ലികൾക്ക് ഒട്ടും ഇഷ്ടമല്ല. പല്ലികൾ വരാൻ സാധ്യതയുള്ള ഇടങ്ങളിൽ മുട്ടത്തോട് വെക്കുന്നത് അവയെ അകറ്റാൻ സഹായിക്കും. അതുപോലെ, വീടിന് പുറത്ത് എപ്പോഴും മഞ്ഞ വെളിച്ചം നൽകുന്ന ബൾബുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. വെളുത്ത വെളിച്ചത്തിലേക്ക് വേനൽക്കാലത്ത് ചെറിയ പ്രാണികളും ഈയാംപാറ്റകളും ധാരാളമായി എത്താറുണ്ട്. ഇവയെ ഇരയാക്കാൻ പല്ലികളും പുറകെ വരും. വെളിച്ചം നിയന്ത്രിക്കുന്നതിലൂടെ പ്രാണികളെയും അതുവഴി പല്ലികളെയും ഒഴിവാക്കാം.

പല്ലികൾക്ക് ചില പ്രത്യേക ഗന്ധങ്ങളോട് കടുത്ത വിരക്തിയുണ്ട്. വെളുത്തുള്ളി, സവാള എന്നിവയുടെ ഗന്ധം പല്ലികളെ അകറ്റാൻ മികച്ചതാണ്. ഇവ പല്ലികൾ കാണപ്പെടുന്ന ഇടങ്ങളിൽ വെക്കാവുന്നതാണ്. കൂടാതെ, കുരുമുളക് പൊടി വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുന്നതും ഫലപ്രദമാണ്. യൂക്കാലിപ്‌റ്റസ് അല്ലെങ്കിൽ പെപ്പർമിന്റ് പോലുള്ള എസ്സൻഷ്യൽ ഓയിലുകളും ഇതിനായി ഉപയോഗിക്കാം. മറ്റൊരുകൂട്ട്, കുറച്ച് നാഫ്തലിൻ ഗുളികകൾ (പാറ്റ ഗുളിക) പൊടിച്ച് വെള്ളത്തിലും ഡെറ്റോളിലും കലർത്തി വീടിന്റെ മുക്കിലും മൂലയിലും തളിക്കുന്നതാണ്. ഇത് പല്ലികളെ മാത്രമല്ല, മറ്റ് ചെറിയ പ്രാണികളെയും വീട്ടിൽ നിന്ന് അകറ്റി നിർത്താൻ സഹായിക്കും