Featured Spotlight

വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍

പത്മപുരസ്കാര പ്രഖ്യാപനത്തിൽ കേരളത്തിന് അഭിമാന നിമിഷം. മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സമുന്നത നേതാവുമായ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു. മുന്‍ സുപ്രീംകോടതി ജഡ്ജി കെ ടി തോമസിന് പത്മവിഭൂഷണും ലഭിച്ചു. ഇത്തവണ പ്രഖ്യാപിച്ച അഞ്ച് പത്മവിഭൂഷൺ പുരസ്കാരങ്ങളിൽ മൂന്നെണ്ണവും മലയാളികൾക്കാണെന്നത് കേരളത്തിന് ഇരട്ടി മധുരമായി. 5 പത്മവിഭൂഷൺ, 13 പത്മഭൂഷൺ, 113 പത്മശ്രീ എന്നിവയുൾപ്പെടെ 2026-ലെ 131 പത്മ പുരസ്‌കാരങ്ങൾ സർക്കാർ പ്രഖ്യാപിച്ചു.

ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി നാരായണന് പത്മവിഭൂഷണ്‍ ലഭിച്ചു. കൂടാതെ, പ്രശസ്ത നടൻ ധർമേന്ദ്രയ്ക്കും,  മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചു. ഒപ്പം പ്രശസ്ത വയലിനിസ്റ്റ് എൻ. രാജം പത്മവിഭൂഷൺ നേടി.


ആലപ്പുഴ സ്വദേശിയായ പരിസ്ഥിതി പ്രവര്‍ത്തക കൊല്ലക്കല്‍ ദേവകി അമ്മ, കലാമണ്ഡലം വിമല മേനോന്‍ എന്നിവര്‍ക്ക് പത്മശ്രീ ലഭിച്ചു. കുറുമ്പ ഗോത്ര വിഭാഗത്തിലെ ചിത്രകാരനായ നീലഗിരി സ്വദേശി ആര്‍ കൃഷ്ണന് മരണാനന്തര ബഹുമതിയായി പത്മശ്രീ ലഭിച്ചു. ഇന്ത്യയുടെ പ്രൊപ്പല്‍ഷന്‍ ടെക്‌നോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന എ ഇ മുത്തുനായകത്തിന് പത്മശ്രീ ലഭിച്ചു.

കലാരംഗത്തെ പകരംവെക്കാനില്ലാത്ത സംഭാവനകൾ പരിഗണിച്ച് മെഗാസ്റ്റാർ മമ്മൂട്ടിക്ക് പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു. 1998-ൽ പത്മശ്രീ ലഭിച്ചതിന് ശേഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് അദ്ദേഹത്തെ തേടി പത്മഭൂഷൺ എത്തുന്നത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പൊതുപ്രവർത്തന രംഗത്തെ മികവിന് പത്മഭൂഷൺ ലഭിച്ചു.

പത്മഭൂഷൺ പട്ടികയിൽ പ്രശസ്ത ഗായിക അൽക യാഗ്നിക്, വ്യവസായി ഉദയ് കൊട്ടക്, പരസ്യ രംഗത്തെ അതികായൻ പിയൂഷ് പാണ്ഡെ (മരണാനന്തരം), ടെന്നീസ് ഇതിഹാസം വിജയ് അമൃതരാജ് എന്നിവരും ഉൾപ്പെടുന്നു. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ബോളിവുഡ് നടൻ സതീഷ് ഷാ (മരണാനന്തരം), കായികതാരങ്ങളായ രോഹിത് ശർമ്മ, സവിത പുനിയ എന്നിവര്‍ പത്മശ്രീ നേടി. 

പിതാവിന് ലഭിച്ച അംഗീകാരത്തിൽ വലിയ സന്തോഷമുണ്ടെന്ന് വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ പ്രതികരിച്ചു. വാർത്തകളിലൂടെയാണ് വിവരം അറിഞ്ഞതെന്നും കുടുംബത്തിന് ഇത് അഭിമാന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.