Spotlight

‘അമ്മയെ അറിയുന്നവർ വന്ദേമാതരം പാടും, എതിര്‍ക്കുന്നത്‌ അമ്മ ആരാണെന്ന്‌ അറിയാത്തവര്‍’; വിവാദ പരാമർശവുമായി കേരള വി.സി

അമ്മ ആരെന്നറിയുന്നവർ വന്ദേമാതരം പാടുമെന്നും അമ്മ ആരെന്ന് അറിയാത്തവരാണ് അതിനെ എതിർക്കുന്നതെന്നും കേരള സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. ഭാരതം അമ്മയായതിനാലാണ് വന്ദേമാതരം ആലപിക്കുന്നതെന്നും ആർ.എസ്.എസിന്റെ ‘സങ്കൽപ്പ് യുവ സംഗമം’ പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

വികസിത ഭാരതത്തിനുവേണ്ടി കുട്ടികളെ വീടുകളിൽ ഏൽപ്പിച്ചിരിക്കുകയാണ് ഭാരതമാതാവെന്നും, അവരെ മികച്ച വ്യക്തികളായി വളർത്തിയെടുക്കേണ്ട ചുമതല ഓരോ ഗൃഹനാഥനുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതത്തെ സംബന്ധിച്ച് അമ്മയാണ് ഏറ്റവും പ്രധാനം എന്നതുകൊണ്ടാണ് രാജ്യം ഭാരതാംബയാകുന്നത്. അമ്മയെ അറിയുന്നവർ എപ്പോഴും വന്ദേമാതരം പറയുമെന്നും എതിർക്കുന്നവർ കാലക്രമേണ മാറുമെന്നും നാട് ഇപ്പോൾ മാറിക്കൊണ്ടിരിക്കുകയാണെന്നും ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു.

ലോകത്തിൽ ഏറ്റവും അധികം ചെറുപ്പക്കാരുള്ള രാജ്യം ഇന്ത്യയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, തലച്ചോർ ഏറ്റവും അധികം വികസിക്കുന്ന പ്രായമായതിനാലാണ് മൂന്ന് വയസ്സ് മുതൽ പഠിക്കണമെന്ന് ദേശീയ വിദ്യാഭ്യാസ നയത്തിൽ കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി. സ്കൂളുകളിൽ കളിക്കളങ്ങൾ ഇല്ലാതാകുകയും മൈതാനങ്ങൾ മാളുകളായി മാറുകയും ചെയ്യുന്നുണ്ട്. ചെറുപ്പക്കാരെ മനഃപൂർവ്വം മയക്കുമരുന്നിന് അടിമയാക്കുന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മുൻപും സംഘപരിവാർ പരിപാടികളിൽ പങ്കെടുത്ത് വിവാദങ്ങളിൽ ഇടംപിടിച്ച വ്യക്തിയാണ് മോഹനൻ കുന്നുമ്മൽ. ഇക്കഴിഞ്ഞ ജൂൺ, ജൂലൈ മാസങ്ങളിലും അദ്ദേഹം ഇത്തരം പരിപാടികളിൽ സംബന്ധിച്ചിരുന്നു. ജൂൺ പതിമൂന്നിന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത ‘സംഘപരിവാറിന്റെ നൂറ് വർഷങ്ങൾ’ എന്ന പരിപാടിയിലും വി.സി പങ്കെടുത്തിരുന്നു.