ന്യൂഡൽഹി: സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം ഏർപ്പെടുത്താനുള്ള ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.എം.ഐ.എം ദേശീയ വക്താവ് വാരിസ് പഠാൻ. സ്ത്രീകൾ “ബ്രായും പാന്റിയും ബിക്കിനിയും ധരിച്ച് പുറത്തിറങ്ങുന്നതിനോടാണ്” മെലോനിക്ക് കൂടുതൽ താല്പര്യമെന്ന് വാരിസ് പഠാൻ പരിഹസിച്ചു.
ഇന്ത്യൻ സർക്കാർ മുസ്ലിങ്ങളോട് സ്വീകരിക്കുന്ന അതേ നിലപാടാണ് ഇറ്റാലിയൻ പ്രധാനമന്ത്രിയും സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. “അവർ പ്രധാനമന്ത്രി മോദിയുടെ സുഹൃത്താണ്, ഇപ്പോൾ മോദിയെപ്പോലെ തന്നെയായി മാറിയിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
ദി പ്രിന്റിന് നൽകിയ അഭിമുഖത്തിൽ, ശരീരം പൂർണ്ണമായി മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകളെ മെലോനിക്ക് ഇഷ്ടമല്ലെന്ന് പഠാൻ പറഞ്ഞു. “മെലോനിക്ക് ബുർഖയോടും നിഖാബിനോടും വെറുപ്പാണ്, അവർക്ക് ബിക്കിനികളോടാണ് പ്രിയം. സ്ത്രീകൾ ബ്രായും പാന്റിയും ബിക്കിനിയും മാത്രം ധരിച്ച് പരസ്യമായി നടക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ഒരു സ്ത്രീ ശരീരം മറച്ച് മാന്യമായി വസ്ത്രം ധരിക്കുന്നത് അവർക്ക് ഇഷ്ടമല്ല, ഇത് തികച്ചും നാണംകെട്ട നിലപാടാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ പാർട്ടിയായ ‘ബ്രദേഴ്സ് ഓഫ് ഇറ്റലി’യുടെ യുവജന വിഭാഗം സംഘടിപ്പിച്ച വാർഷിക സമ്മേളനത്തിലാണ് മെലോനി ഈ പുതിയ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്. സ്കൂളുകളിൽ ബുർഖയും നിഖാബും ഉൾപ്പെടെയുള്ള മുഖം മൂടുന്ന വസ്ത്രങ്ങൾ നിരോധിക്കുന്നതിനുള്ള ബിൽ മന്ത്രിസഭയിൽ കൊണ്ടുവരുമെന്ന് അവർ വ്യക്തമാക്കിയിരുന്നു.
ഇറ്റാലിയൻ സ്കൂളുകളിലെ കുടിയേറ്റവും സംയോജനവുമായി ബന്ധപ്പെട്ട വിപുലമായ നയങ്ങളുടെ ഭാഗമായാണ് ഈ പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിക്കുന്നത്. വിദേശ വിദ്യാർത്ഥികളുടെ പ്രവേശനത്തിന് പരിധി നിശ്ചയിക്കുന്നതും കുടിയേറ്റക്കാർക്ക് ഇറ്റാലിയൻ ഭാഷാ പഠനം നിർബന്ധമാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.




