ഇടുക്കി: നെടുങ്കണ്ടം എഴുകുംവയലില്‍ ലഹരിക്കടിമയായ മകന് മാതാപിതാക്കളെ അതിക്രൂരമായി കൊലപ്പെടുത്തി. എഴുകുംവയൽ പാറത്തറയില്‍ വീട്ടില്‍ ആന്റണി (59), ഭാര്യ വത്സമ്മ (55) എന്നിവരാണ് കുത്തേറ്റു മരിച്ചത്. സംഭവത്തിൽ മകന് അജീഷിനെ (26) നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ഓഗസ്റ്റ് 14-ന് രാത്രിയിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
ആന്റണിയുടെ ശരീരത്തിൽ നെഞ്ചിലും പുറത്തുമായി പതിനാലോളം വെട്ടുകളും കുത്തുകളുമേറ്റിട്ടുണ്ട്. കൂടാതെ കഴുത്തിലും ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു. വത്സമ്മയ്ക്ക് നെഞ്ചിലും വയറ്റിലുമാണ് കുത്തേറ്റത്. ലഹരിമുക്തി കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്ന അജീഷ്, കൃത്യം നടത്തുമ്പോഴും ലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തനിക്ക് ഭയമാണെന്ന് പറഞ്ഞ് അമ്മയുടെ അരികിൽ കിടന്ന അജീഷ്, പിന്നീട് താൻ ദൈവമാണെന്നും മാതാപിതാക്കൾ ചെകുത്താനാണെന്നും ആരോപിച്ച് ബൈബിളും കൊന്തയും എടുത്തുകൊണ്ടുവന്ന ശേഷമാണ് കത്തിയെടുത്ത് അമ്മയെ ആദ്യം കുത്തിക്കൊലപ്പെടുത്തിയത്.
ഈ സമയം പുറത്തുപോയിരുന്ന പിതാവ് ആന്റണി തിരിച്ചെത്തിയ ഉടൻ അദ്ദേഹത്തെയും കുത്തിവീഴ്ത്തി കഴുത്തറുത്ത് മരണം ഉറപ്പാക്കുകയായിരുന്നു. തുടർന്ന് ഇരുവരുടെയും മൃതദേഹങ്ങളുടെ ചിത്രം ഫോണിൽ പകർത്തി വിദേശത്തുള്ള മുൻ സഹവികാരിക്ക് വാട്സ്ആപ്പിൽ അയച്ചുനൽകി. അദ്ദേഹം വിവരം നിലവിലെ ഇടവക വികാരിയെ അറിയിക്കുകയായിരുന്നു. വികാരിയും ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തിയപ്പോഴാണ് വിവരമറിയുന്നതും പൊലീസിനെ അറിയിച്ച് വീട്ടിലുണ്ടായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുത്തതും.




