Crime

പ്രണയ വിവാഹം 25 ദിവസം മുൻപ്, നവവധുവിന്റെ മൃതദേഹം വാട്ടർ ടാങ്കിൽ; ഭർത്താവ് കസ്റ്റഡിയിൽ

മധ്യപ്രദേശിലെ ഇൻഡോറിൽ വിവാഹം കഴിഞ്ഞ് 25 ദിവസം മാത്രം പിന്നിട്ട യുവതിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കുടിവെള്ള ടാങ്കിൽ കണ്ടെത്തി. നെഹ്‌റു നഗറിലെ വീടിനു പുറത്തുള്ള വാട്ടർ ടാങ്കിലാണ് വന്ദന കുശ്വാഹയുടെ മൃതദേഹം അയൽവാസികൾ കണ്ടെത്തിയത്. സംഭവമറിഞ്ഞെത്തിയ പോലീസ് യുവതിയുടെ ഭർത്താവ് ഉപേന്ദ്ര പട്ടേലിനെയും കുടുംബത്തെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിൽ മുറിവുകളുള്ളതിനാൽ പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം.

ഏറെ നാളത്തെ പ്രണയത്തിനുശേഷം ഓഗസ്റ്റ് 11-നാണ് വന്ദനയും ഉപേന്ദ്ര പട്ടേലും വിവാഹിതരായത്. മുൻപ് വന്ദനയെ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നൽകിയിരുന്നെങ്കിലും, പട്ടേലിനൊപ്പം ജീവിക്കാനാണ് താൽപര്യമെന്നാണ് യുവതി അന്ന് പോലീസിനെ അറിയിച്ചിരുന്നത്. അതേസമയം, പട്ടേൽ ലഹരിക്ക് അടിമയായിരുന്നു എന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളുടെ ഈ സ്വഭാവം കാരണം കുടുംബം അടുത്തിടെ വാടകവീട് മാറിയതായും പോലീസ് കണ്ടെത്തി.

ഇരുവരും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടെന്ന് അയൽക്കാർ മൊഴി നൽകിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് വന്ദനയുടെ നിലവിളി കേട്ടെന്നും, രക്തക്കറ പുരണ്ട ഷർട്ടോടെ പട്ടേലിനെ കണ്ടെന്നും അയൽവാസികൾ വെളിപ്പെടുത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.