Celebrity Featured

‘ഓൺലൈൻ ലൈംഗികാതിക്രമവും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങളും’; ചരിത്രനേട്ടത്തിനു പിന്നാലെ വേദന പങ്കുവച്ച് 21കാരി

2026 ഐപിഎഫ് ലോക സബ്-ജൂനിയർ ആൻഡ് ജൂനിയർ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ 140 കിലോ ഡെഡ്‌ലിഫ്റ്റിൽ വെള്ളി മെഡൽ നേടിയ കേയ കുനാൽ ബാനർജിക്ക് നേരെ വ്യാപക സൈബറാക്രമണം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കേയ തന്നെയാണ് ഓൺലൈൻ വഴിയുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ചും എഐ ഉപയോഗിച്ചുള്ള വ്യാജ ചിത്രങ്ങളെക്കുറിച്ചും വ്യക്തമാക്കിയത്.

ഇന്ത്യയ്ക്കായി മെഡൽ നേടിയതിന് പിന്തുണ ലഭിക്കുമ്പോഴും ഒരു കായികതാരം എന്ന നിലയിൽ അതിക്രമങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്ന് താരം പറഞ്ഞു. തന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്നതിനൊപ്പം ജാതിയും വംശീയതയും ചർച്ചയാക്കുകയും, മുഖവും ശരീരവും മോർഫ് ചെയ്ത ആയിരക്കണക്കിന് വ്യാജ എഐ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത് അത്യധികം അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും കേയ കുറിച്ചു.

സ്വകാര്യത ആഗ്രഹിക്കുന്ന ആളായതിനാൽ സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവയ്ക്കാറില്ലായിരുന്നുവെന്നും അപ്രതീക്ഷിതമായ ഇത്തരം സംഭവങ്ങൾ വലിയ ബുദ്ധിമുട്ടായെന്നും കേയ വ്യക്തമാക്കി. മുൻപ് 300 ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന പ്രൈവറ്റ് അക്കൗണ്ട് ഇൻസ്റ്റഗ്രാം സസ്‌പെൻഡ് ചെയ്തത് മാനസികസമ്മർദ്ദം വർധിപ്പിച്ചു. തുടർന്നാണ് പുതിയ അക്കൗണ്ട് തുടങ്ങിയതെന്നും, കായിക നേട്ടങ്ങളിൽ സ്വന്തം ഭാഗം വ്യക്തമാക്കാനും അക്കൗണ്ട് വീണ്ടും സസ്‌പെൻഡ് ആകാതിരിക്കാനുമാണ് അക്കൗണ്ട് പബ്ലിക് ആക്കി മാറ്റിയതെന്നും കേയ ഇൻസ്റ്റ സ്റ്റോറിയിൽ കൂട്ടിച്ചേർത്തു.

സൺ സിറ്റിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 47 കിലോ വിഭാഗത്തിലാണ് ഹരിയാന സ്വദേശിയായ 21-കാരി കേയ മത്സരിച്ചത്. 45.70 കിലോ മാത്രം ശരീരഭാരമുള്ള കേയ, 140 കിലോ ഡെഡ്‌ലിഫ്റ്റ് ചെയ്താണ് ഇന്ത്യയ്ക്കായി വെള്ളി മെഡൽ സ്വന്തമാക്കിയത്. രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ നേട്ടത്തിൽ ആരാധകരുടെ വൻ അഭിനന്ദനങ്ങളാണ് താരത്തിന് ലഭിക്കുന്നത്.

മത്സരത്തിലെ മൊത്തത്തിലുള്ള റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും, ഡെഡ്‌ലിഫ്റ്റ് വിഭാഗത്തിൽ വെള്ളി മെഡൽ നേടാൻ കേയയ്ക്ക് സാധിച്ചു. 90 കിലോ സ്ക്വാട്ട്, 50 കിലോ ബെഞ്ച് പ്രസ്, 140 കിലോ ഡെഡ്‌ലിഫ്റ്റ് എന്നിവയുൾപ്പെടെ ആകെ 280 കിലോയാണ് താരം ഉയർത്തിയത്. അയർലൻഡിന്റെ ബ്ലാത്തനൈഡ് ഒ’ഡ്വയറും 140 കിലോ ഉയർത്തിയെങ്കിലും, കുറഞ്ഞ ശരീരഭാരത്തിന്റെ ആനുകൂല്യത്തിൽ അവരെ മറികടന്നാണ് കേയ വെള്ളി മെഡൽ സ്വന്തമാക്കിയത്. ഈ ഇനത്തിൽ 165 കിലോ ഉയർത്തിയ ഫ്രാൻസിന്റെ ഇനസ് ഹെർബോക്സിനാണ് സ്വർണം.

കേയയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിത്. കഴിഞ്ഞ വർഷത്തെ ദേശീയ ചാംപ്യൻഷിപ്പിൽ 82.5 കിലോ സ്ക്വാട്ട്, 47.5 കിലോ ബെഞ്ച് പ്രസ്, 127.5 കിലോ ഡെഡ്‌ലിഫ്റ്റ് എന്നിങ്ങനെ ആകെ 257.5 കിലോയായിരുന്നു താരം ഉയർത്തിയത്. എന്നാൽ തൊട്ടുപിന്നാലെ നടന്ന ദേശീയ ചാംപ്യൻഷിപ്പിൽ 95 കിലോ സ്ക്വാട്ട്, 52.5 കിലോ ബെഞ്ച് പ്രസ്, 140 കിലോ ഡെഡ്‌ലിഫ്റ്റ് എന്നിവയോടെ ആകെ 287.5 കിലോ എന്ന മികച്ച സ്കോർ കേയ സ്വന്തമാക്കിയിരുന്നു.