തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നടുക്കുന്ന സംഭവം നടന്നു. നടുറോഡിൽ വെച്ച് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീക്ക് നേരെയാണ് യുവാവിന്റെ ക്രൂരമായ അതിക്രമമുണ്ടായത്. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ ദേശീയപാതയിൽ കോയമ്പത്തൂർ തുടിയല്ലൂർ ഭാഗത്ത് റെയിൽവേ പാലത്തിന് താഴെ വെച്ചായിരുന്നു പീഡനശ്രമം നടന്നത്.
റോഡിലൂടെ നടന്നുപോയ യുവാവ് വഴിയരികിൽ കിടക്കുകയായിരുന്ന യുവതിയെ കണ്ട് അവിടെ നിൽക്കുകയായിരുന്നു. പ്രദേശത്ത് മറ്റാരുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇയാൾ യുവതിക്ക് അടുത്തേക്ക് നീങ്ങിയത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതി ഇയാളെ കണ്ട് പേടിച്ച് ഒച്ചവെച്ചെങ്കിലും സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. എന്നാൽ സമീപത്ത് രണ്ട് തെരുവുനായ്ക്കൾ മാത്രമാണുണ്ടായിരുന്നത്. ഇയാൾ ബലമായി കടന്നുപിടിച്ചതോടെ യുവതി ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും അക്രമി ഇവരെ കീഴ്പ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് ആ തെരുവുനായ്ക്കൾ രക്ഷകരായെത്തിയത്.
യുവതി ആക്രമിക്കപ്പെടുന്നത് കണ്ട നായ്ക്കൾ അക്രമിക്ക് നേരെ കുരച്ചുചാടുകയായിരുന്നു. ഇയാൾ യുവതിയെ വിടാതെ വന്നതോടെ നായ്ക്കൾ അക്രമിയെ കടിച്ചോടിച്ചു. ഈ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച ഭൂപതി എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ സംഭവസമയത്ത് മദ്യലഹരിയിലായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. തെരുവിൽ കഴിയുന്ന യുവതിക്ക് രക്ഷകരായി മാറിയ തെരുവുനായ്ക്കളുടെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.




