Crime

തലയിണവച്ചു ശ്വാസം മുട്ടിച്ചു, ഉണർത്താൻ ശ്രമിച്ചപ്പോൾ ഭാര്യയ്ക്ക് ജീവനില്ല; ആത്മഹത്യ ചെയ്ത് യുവാവ്

ബംഗളൂരുവിൽ ദമ്പതികൾ തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചു. സിവിൽ എഞ്ചിനീയറായ സുമന്ത് ജെയിൻ, സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഭാര്യ പദ്മാവതി എന്നിവരെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ രൂക്ഷമായ വാക്കുതർക്കമാണ് ദുരന്തത്തിൽ അവസാനിച്ചത്.

തർക്കത്തിനിടെ സുമന്ത് ഭാര്യയെ അടിക്കുകയും തുടർന്ന് തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് പദ്മാവതിയെ ഉണർത്താൻ ശ്രമിച്ചപ്പോഴാണ് മരണം സംഭവിച്ചുവെന്ന കാര്യം സുമന്ത് മനസ്സിലാക്കുന്നത്. തുടർന്ന് പരിഭ്രാന്തനായ സുമന്ത് സ്വന്തം അമ്മയെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയും പിന്നാലെ ആത്മഹത്യ സൂചന നൽകുന്ന സന്ദേശം മൊബൈലിൽ അയക്കുകയും ചെയ്തു.

സന്ദേശം കണ്ട അമ്മ ഉടൻ തന്നെ വീടുടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു. വീട് തുറന്നു പരിശോധിച്ചപ്പോൾ ഹാളിലെ സീലിംഗ് ഫാനിൽ സുമന്തിനെ തൂങ്ങിമരിച്ച നിലയിലും പദ്മാവതിയെ മുറിക്കുള്ളിൽ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. രാജഗോപാൽ നഗർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.