Spotlight

പത്രികയിൽ വീണയുടെ വരുമാനം മറച്ചുവെച്ചെന്ന പരാതി: റിയാസും വീണയും കോടതിയിൽ നേരിട്ട് ഹാജരാകണം

തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ ഭാര്യ ടി. വീണയുടെ വരുമാനം മറച്ചുവെച്ചെന്ന പരാതിയിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനും ഭാര്യക്കും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നോട്ടീസ് അയച്ചു. വിഷയത്തിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് കോടതിയുടെ നിർദ്ദേശം. നെയ്യാറ്റിൻകര സ്വദേശിയായ നാഗരാജ് നൽകിയ റിവിഷൻ ഹർജിയിലാണ് സെഷൻസ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.

സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് ടി. വീണയ്ക്ക് ലഭിച്ച 1.72 കോടി രൂപയുടെ വരുമാന വിവരങ്ങൾ മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മറച്ചുവെച്ചെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. റിയാസിനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരൻ ആദ്യം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ആ ഹർജി തള്ളിയിരുന്നു. തുടർന്നാണ് നാഗരാജ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.

സി.എം.ആർ.എല്ലിൽ നിന്നുള്ള തുക സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാൻ ഇരുവരും കോടതിക്ക് മുന്നിൽ നേരിട്ടെത്തി മറുപടി നൽകേണ്ടിവരും. ഹർജിക്കാരന്റെ വാദം കേട്ട ശേഷമാണ് സെഷൻസ് കോടതി നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. വിഷയത്തിൽ ഇരുവരും നൽകുന്ന വിശദീകരണവും കോടതിയുടെ തുടർനടപടികളും വരും ദിവസങ്ങളിൽ രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമാകും.