വെല്‍സിന്‍ – സുയിദ് (നെതര്‍ലന്‍ഡ്‌സ്): ഫുട്‌ബോള്‍ മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടുന്ന ആദ്യ ഗോള്‍ കീപ്പറെന്ന നേട്ടം സ്വന്തമാക്കി റൊണാള്‍ഡ് കോയ്‌മാന്‍ ജൂനിയര്‍. ഡച്ച് എറെഡീവിസി ലീഗില്‍ ടെല്‍സ്‌റ്റാറിന്റെ താരമാണ് കോയ്‌മാന്‍ ജൂനിയര്‍. കാംബറിനെതിരേ നടന്ന മത്സരത്തിലാണ് താരം ഇരട്ട ഗോളുകൾ അടിച്ചത്. ആവേശകരമായ മത്സരം 2-2 എന്ന നിലയിൽ സമനിലയിൽ അവസാനിച്ചു.
രണ്ട് പെനാല്‍റ്റികളാണ് കോയ്‌മാന്‍ ജൂനിയര്‍ ലക്ഷ്യത്തിലെത്തിച്ചത്. രണ്ടാമത്തെ പെനാല്‍റ്റി ഗോള്‍ പിറന്നത് രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു. ഡച്ച് ഇതിഹാസ താരം റൊണാള്‍ഡ് കോയ്‌മാന്റെ മകനാണ് ഈ 31 വയസുകാരൻ. മുൻപും പെനാല്‍റ്റിയിലൂടെ ഗോൾ നേടിയിട്ടുള്ള ഇദ്ദേഹം കഴിഞ്ഞ മേയിൽ എഫ്.സി. വോളണ്ടമിനെതിരെയുള്ള മത്സരത്തിൽ നിർണായക വിജയഗോളടിച്ച് ടെല്‍സ്‌റ്റാറിനെ തരംതാഴ്‌ത്തലിൽ നിന്ന് രക്ഷിച്ചിരുന്നു.
ബാഴ്‌സലോണ, എവർട്ടൺ, സൗതാംപ്‌ടൺ തുടങ്ങിയ പ്രമുഖ ക്ലബുകളുടെയും ഡച്ച് ദേശീയ ടീമിന്റെയും പരിശീലകനായിരുന്ന പിതാവ് റൊണാള്‍ഡ് കോയ്‌മാൻ പ്രതിരോധ നിരക്കാരനായിരുന്നിട്ടും കരിയറിൽ ആകെ 115 ഗോളുകൾ നേടിയിട്ടുണ്ട്. അതിൽ 60 എണ്ണം ഫ്രീകിക്കുകളിൽ നിന്നായിരുന്നു. പിതാവിനെപ്പോലെ തന്നെ ഫ്രീകിക്ക്, പെനാല്‍റ്റി സ്പെഷലിസ്റ്റാണ് മകനും. 1992-ലെ യൂറോപ്യൻ കപ്പ് ഫൈനലിൽ സാംപ്‌ദോറിയക്കെതിരെ ബാഴ്‌സലോണയ്ക്ക് ജയം സമ്മാനിച്ച ഗോളും 1994 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരേ നെതർലൻഡ്‌സ് 2-0 ന് ജയിച്ച മത്സരത്തിലെ ആദ്യ ഗോളും അതിൽ ഉൾപ്പെടുന്നു.
മത്സരത്തിൽ കാംബറിനായി അർഗുയി 53-ാം മിനിറ്റിലും ബിൻഡർ 60-ാം മിനിറ്റിലും ഗോളടിച്ചു. അതിനുമുമ്പ് 22-ാം മിനിറ്റിൽ ടെല്‍സ്‌റ്റാറിന്റെ പോറിസൺ ചുവപ്പ് കാർഡ് കണ്ടു പുറത്തായത് ടീമിന് തിരിച്ചടിയായിരുന്നു. രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ വഴങ്ങി പിന്നിലായ സാഹചര്യത്തിലാണ് ജൂനിയറിന് പെനാല്‍റ്റി എടുക്കാൻ അവസരം ലഭിക്കുന്നത്. 63-ാം മിനിറ്റിൽ ആദ്യ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച താരം 101-ാം മിനിറ്റിൽ നാടകീയമായ സമനില ഗോളും സ്വന്തമാക്കി.



