Crime

എസി കൂപ്പയിൽ യുവതിയുടെ മദ്യക്കടത്ത്, സ്യൂട്ട്കേസ് നിറയെ 75 ലീറ്റർ മുന്തിയ ബ്രാൻഡുകളുടെ മദ്യം; മദ്യക്കടത്ത് കുടുംബ തൊഴിൽ!

പട്ന ∙ ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ യാത്രക്കാരിയിൽ നിന്ന് 75 ലീറ്റർ മദ്യം പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ന്യൂഡൽഹി-ജയനഗർ സ്വതന്ത്ര സേനാനി എക്സ്പ്രസിന്റെ എസി കൂപ്പെയിൽ നിന്നാണ് നേഹ ഝാ എന്ന യാത്രക്കാരിയുടെ പക്കൽ നിന്ന് വൻതോതിൽ വിദേശമദ്യം പിടിച്ചെടുത്തത്. യുവതി ട്രെയിനിൽ മദ്യം കടത്തുന്നുണ്ടെന്ന രഹസ്യവിവരം വാരാണസിയിലെ ആർ‌പി‌എഫ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂട്ടിയ എസി ഫസ്റ്റ് ക്ലാസ് കൂപ്പെയിൽ പോലീസ് പരിശോധന നടത്തിയത്.

പരിശോധനാ സമയത്ത് നേഹയ്ക്കൊപ്പം ഇഷാൻ കുമാർ എന്ന യുവാവും കൂപ്പെയിലുണ്ടായിരുന്നു. ഇയാളെ സഹോദരീഭർത്താവെന്നാണ് യുവതി പരിചയപ്പെടുത്തിയത്. തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിൽ രണ്ട് സ്യൂട്ട്കേസുകൾ നിറയെ പ്രമുഖ ബ്രാൻഡുകളുടെ പൊട്ടിക്കാത്ത മദ്യക്കുപ്പികൾ കണ്ടെത്തി. ആകെ 75 ലീറ്റർ മദ്യമാണ് ഇവിടെനിന്ന് പിടിച്ചെടുത്തത്. അതേസമയം ഈ കൂപ്പെയിൽ യാത്ര ചെയ്യുന്നതിനുള്ള സാധുവായ ടിക്കറ്റുകൾ പ്രതികളുടെ പക്കൽ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്.

വിവാഹ ആവശ്യങ്ങൾക്കായാണ് മദ്യം കൊണ്ടുപോയതെന്നാണ് നേഹ പോലീസിന് നൽകിയ മൊഴി. ഹരിയാനയിൽ നിന്ന് വാങ്ങിയ മദ്യം ബിഹാറിലേക്ക് എത്തിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. എന്നാൽ നേഹയുടെ കുടുംബം മുൻപും മദ്യക്കടത്ത് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. നേഹയുടെ പിതാവ് സഞ്ജയ് ഝാ മുൻപ് മദ്യക്കടത്തിന് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂടാതെ 2025 നവംബർ 30-ന് നേഹയുടെ സഹോദരി നിഷുവിനെയും 21 ലീറ്റർ വിദേശമദ്യവുമായി എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.