ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള എയിംസ് ആശുപത്രിക്ക് മുന്നിൽ കാർ അപകടത്തിൽ മുപ്പത്തിനാലുകാരൻ ദാരുണമായി കൊല്ലപ്പെട്ടു. തത്തിബന്ധ് ഉദയ സൊസൈറ്റിയിൽ താമസിക്കുന്ന പരംപ്രീത് സിങ് ആണ് മരിച്ചത്. പ്രണയബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് ഈ ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവസ്ഥലത്ത് കാറിലെത്തിയ ഒരു യുവതിയുടെ കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തും പരംപ്രീതും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. തർക്കത്തിനൊടുവിൽ ഇവർ കാറിൽ കയറി മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ തടയാനായി പരംപ്രീത് കാറിന് മുകളിലേക്ക് കയറിപ്പിടിക്കുകയായിരുന്നു. എന്നാൽ വാഹനം നിർത്താതെ പുരുഷ സുഹൃത്ത് കാർ വേഗത്തിൽ മുന്നോട്ടെടുത്തു. കുറച്ചു ദൂരം മുന്നോട്ട് പോയതോടെ പിടിവിട്ട് റോഡിലേക്ക് വീണ പരംപ്രീതിന്റെ ശരീരത്തിലൂടെ കാറിന്റെ പിൻചക്രം കയറിയിറങ്ങി. അപകടത്തിനു ശേഷം കാർ നിർത്താതെ ഓടിച്ചുപോവുകയും ഗുരുതരമായി പരുക്കേറ്റ പരംപ്രീത് സംഭവസ്ഥലത്തുതന്നെ മരിക്കുകയും ചെയ്തു.
സംഭവത്തിൽ ഉൾപ്പെട്ട യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് അതീവ രഹസ്യമായി ചോദ്യം ചെയ്തുവരികയാണ്. ഒളിവിൽ പോയ പ്രധാന പ്രതിക്കായി പ്രത്യേക അന്വേഷണ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നും കേസിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.




