Crime

ഭാര്യയ്ക്ക് മറ്റൊരുബന്ധം, മക്കൾ അവളോടൊപ്പം വളരണ്ട, 2 പെൺമക്കളെ കൊലപ്പെടുത്തി പിതാവിന്റെ ആത്മഹത്യാശ്രമം

ബെംഗളൂരു ∙ കർണാടകയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ട് പെൺകുട്ടികളെ മുറിയിലെ കിടക്കയിൽ മരിച്ച നിലയിലും പിതാവിനെ ശുചിമുറിയിൽ കഴുത്തറുത്ത് ഗുരുതരാവസ്ഥയിലും കണ്ടെത്തി. നാഗവാര സ്വദേശിയായ എസ്.ജി. ഇമ്രാനും (40) ഇയാളുടെ മക്കളുമാണ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഹോട്ടലിലെ ക്ലീനിങ് ജീവനക്കാരാണ് ഈ ദാരുണ സംഭവം ആദ്യം കണ്ടത്. തുടർന്ന് വിവരം ഉടൻതന്നെ പൊലീസിനെ അറിയിക്കുകയും, ഗുരുതരമായി പരുക്കേറ്റ ഇമ്രാനെ സുരക്ഷാ ജീവനക്കാരുടെ സഹായത്തോടെ നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇയാളുടെ അടുത്തുനിന്ന് രക്തം പുരണ്ട കത്തി പൊലീസ് കണ്ടെടുത്തു.

ഞായറാഴ്ച വൈകിട്ടാണ് ഇമ്രാനും മക്കളും ഹോട്ടലിൽ മുറിയെടുത്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ജി.കെ. മിഥുൻ കുമാർ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് നാല മണിയോടെ ശുചീകരണത്തിനായി ജീവനക്കാർ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് പെൺകുട്ടികളെ കിടക്കയിൽ മരിച്ച നിലയിലും ഇമ്രാനെ ശുചിമുറിയിൽ കഴുത്തറുത്ത് രക്തം വാർന്ന നിലയിലും കണ്ടെത്തിയത്.

പത്തും അഞ്ചും വയസ്സുള്ള മക്കളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇമ്രാൻ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. ഭാര്യക്ക് മറ്റൊരു വ്യക്തിയുമായി ബന്ധമുണ്ടെന്നും ഇതിന് തെളിവുകളുണ്ടെന്നും ഇയാൾ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഇത്തരമൊരു അന്തരീക്ഷത്തിൽ മക്കൾ വളരുന്നത് ഇഷ്ടപ്പെടാത്തതിനാലാണ് അവരെ വധിച്ച് ജീവനൊടുക്കാൻ തുനിഞ്ഞതെന്ന് കുറിപ്പിലുണ്ട്. മക്കളെ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് ആശുപത്രിയിൽ കഴിയുന്ന ഇമ്രാൻ സമ്മതിച്ചതായും, ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചതായും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)