Crime

ഹോട്ടൽമുറിയിലേക്ക് കയറി, ഉടൻ നവവധു കുഴഞ്ഞുവീണു; പിന്നാലെ മരണം; രണ്ടാം വിവാഹം മറച്ചുവെച്ച് ഭര്‍ത്താവ്, ദുരൂഹത- വീഡിയോ

ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള ഹോട്ടൽ മുറിയിൽ വച്ച് നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. ഭർത്താവിനൊപ്പം ഹോട്ടലിലെത്തിയ 28 കാരിയായ മുസ്കാൻ സിമോലിയ കുഴഞ്ഞുവീഴുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയത്.

ഈ വർഷം ജൂൺ 29-നായിരുന്നു മധ്യപ്രദേശ് വിദിഷ സ്വദേശിയായ ബാങ്ക് മാനേജർ നിനേഷും മുസ്കാനും തമ്മിലുള്ള വിവാഹം നടന്നത്. ഒക്ടോബർ 10-ന് റെയിൽവേ ജൂനിയർ എൻജിനീയർ പരീക്ഷാ തയ്യാറെടുപ്പുകൾക്കായി മുസ്കാൻ ഝാൻസിയിലെ സ്വന്തം വീട്ടിലെത്തിയിരുന്നു. തുടർന്ന് ഒക്ടോബർ 23-ന് ഝാൻസിയിലെത്തിയ നിനേഷ്, അമ്മായിയെ കാണാനെന്ന് പറഞ്ഞ് മുസ്കാനെ കൂട്ടിക്കൊണ്ടുപോവുകയും എന്നാൽ നേരെ ഹോട്ടലിലേക്ക് കൊണ്ടുപോവുകയുമായിരുന്നുവെന്ന് യുവതിയുടെ പിതാവ് രാംജി ലാൽ അഹിർവാർ ആരോപിക്കുന്നു. വെള്ളിയാഴ്ച രാത്രിയാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്.

ഭർത്താവ് നിനേഷിനും ഹോട്ടൽ ജീവനക്കാരനുമൊപ്പം മുസ്കാൻ മുറിയിലേക്ക് നടന്നുനീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മുറിക്ക് മുന്നിലെത്തിയ യുവതി, അപ്രതീക്ഷിതമായി പിന്നിലേക്ക് കുഴഞ്ഞുവീഴുകയും തല നിലത്തടിക്കുകയും ചെയ്തു. ഉടൻതന്നെ ഭർത്താവ് നിനേഷ് യുവതിയെ എടുത്തുയർത്തി അകത്തേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ തൊട്ടടുത്ത ദിവസമാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും മരണം സ്ഥിരീകരിക്കുന്നതും. സംഭവത്തിൽ പൊലീസ് ഭർത്താവ് നിനേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

നിനേഷിന് ഇൻഡോറിൽ മറ്റൊരു ഭാര്യയുണ്ടെന്ന കാര്യം മറച്ചുവച്ചാണ് വിവാഹം കഴിച്ചതെന്നും അടുത്തിടെയാണ് തങ്ങൾക്കിത് മനസ്സിലായതെന്നും മുസ്കാന്റെ പിതാവ് പറഞ്ഞു. ഇതിനെത്തുടർന്ന് ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. മകളുടെ തലയിൽ സാരമായ പരിക്കുകളുണ്ടെന്നും ഇത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും കുടുംബം ആരോപിച്ചു. ഹോട്ടൽ മുറിക്ക് പുറത്ത് യുവതി കുഴഞ്ഞുവീഴാനുണ്ടായ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണത്തെക്കുറിച്ചും പരിക്കുകളെക്കുറിച്ചും വ്യക്തത ലഭിക്കൂ എന്ന് പൊലീസ് അറിയിച്ചു. നിലവിൽ സിസിടിവി ദൃശ്യങ്ങളും ഭർത്താവിന്റെ മൊഴിയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.