ജമ്മു∙ കിഷ്ത്വാർ ജില്ലയിലെ സർക്കാർ സ്കൂളിൽ പ്രായപൂർത്തിയാകാത്ത ആദിവാസി വിദ്യാർഥിനിയെ പ്രധാനാധ്യാപകൻ മാസങ്ങളോളം പീഡിപ്പിച്ചു ഗർഭിണിയാക്കുകയും, തുടർന്ന് നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയതിനെ തുടർന്ന് പെൺകുട്ടി മരിച്ചു. ഏഴു മാസം ഗർഭിണിയായിരുന്ന പെൺകുട്ടിയുടെ മരണത്തോടെ ഗ്രാമത്തിൽ വലിയ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും ജില്ലയിലാകെ പടരുകയും ചെയ്തു.
പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിനായി കൊണ്ടുപോയ പ്രധാനാധ്യാപകനെയും ഇയാളുടെ സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കിഷ്ത്വാർ എസ്എസ്പി നരേഷ് സിങ് അറിയിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയും പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
രണ്ടാഴ്ച മുമ്പ് ശക്തമായ വയറുവേദനയെ തുടർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കാണിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഇതിനുശേഷമാണ് പ്രധാനാധ്യാപകനാണ് പീഡനത്തിന് പിന്നിലെന്ന് പെൺകുട്ടി വീട്ടുകാരോട് വെളിപ്പെടുത്തിയത്. തുടർന്ന് നാട്ടുകാർ അധ്യാപകനെ വിളിച്ചുവരുത്തിയെങ്കിലും ഇയാൾ കുടുംബത്തിന് പണം വാഗ്ദാനം ചെയ്യുകയും വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയുമാണുണ്ടായത്.
സാമൂഹിക അപമാനം ഭയന്ന് പെൺകുട്ടിയുടെ പിതാവ് സംഭവത്തിൽ പോലീസിൽ പരാതി നൽകിയിരുന്നില്ല. ഇത് മുതലാക്കി ബുധനാഴ്ച പ്രതിയും സഹോദരനും പെൺകുട്ടിയുടെ വീട്ടിലെത്തി ഗർഭച്ഛിദ്രത്തിനായി കിഷ്ത്വാറിലെ ഒരു കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. പെൺകുട്ടിയുടെ പിതാവും അമ്മാവനും ഇവർക്കൊപ്പമുണ്ടായിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ പെൺകുട്ടിയുടെ ആരോഗ്യനില വഷളായതോടെ ഇരുവരും ചേർന്ന് കുട്ടിയെ ജമ്മുവിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വ്യാഴാഴ്ച രാത്രിയോടെ പെൺകുട്ടി മരണപ്പെടുകയായിരുന്നു.
മരണത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം ഗ്രാമത്തിലേക്ക് എത്തിക്കാൻ പ്രതികൾ തന്നെ ഒരു സ്വകാര്യ ആംബുലൻസ് ഏർപ്പാടാക്കി നൽകി. മൃതദേഹം നാട്ടിലെത്തിച്ചതോടെ രോഷാകുലരായ ഗ്രാമവാസികൾ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങി. ക്രൂരമായ ഈ സംഭവത്തിൽ നിഷ്പക്ഷമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.




