ഗുവാത്തി: അസമിൽ നവവധുവിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ ഒളിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിയുടെ ഉപദേശം. ഗുവാഹത്തിയിൽ 25 കാരിയായ ഭാര്യ റിയ താലൂക്ദാറിനെ വധിച്ച കേസിൽ അറസ്റ്റിലായ രാമാനുജ് ഗോസ്വാമിയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ മാധ്യമങ്ങളോട് ഉപദേശരൂപേണ പ്രതികരിച്ചത്.
‘‘ഞാൻ ചെയ്ത തെറ്റുകൾ പൂർണ്ണമായി സമ്മതിക്കുന്നു. ആളുകൾക്ക് എന്നെക്കുറിച്ച് മോശം കാര്യങ്ങൾ പറയാം. എന്നാൽ ജീവിതത്തിൽ ഇത്തരമൊരു തെറ്റ് ആരും ചെയ്യരുതെന്ന് ഞാൻ എല്ലാവരോടും അപേക്ഷിക്കുകയാണ്’’ – രാമാനുജ് ഗോസ്വാമി പറഞ്ഞു. കുറച്ചു മാസങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം. സെപ്റ്റംബർ 4-ന് ഉണ്ടായ വഴക്കിനൊടുവിലാണ് ഇയാൾ ഭാര്യയെ ദാരുണമായി കൊലപ്പെടുത്തിയത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഭാര്യയെ വധിച്ച ശേഷം ഇയാൾ തല വെട്ടിമാറ്റുകയായിരുന്നു. തുടർന്ന് ദേഷ്യം തീരാതെ ശരീരം കഷണങ്ങളാക്കാൻ ശ്രമിക്കുകയും കത്രിക ഉപയോഗിച്ച് മുഖം പൂർണമായി വികൃതമാക്കുകയും ചെയ്തു. അതിനുശേഷമാണ് വെട്ടിമാറ്റിയ തല ഫ്ലാറ്റിലെ ഫ്രിജിനുള്ളിൽ ഒളിപ്പിച്ചത്.
സെപ്റ്റംബർ 6-ന് ദമ്പതികൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് കടുത്ത ദുർഗന്ധം ഉയർന്നതോടെ അയൽക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. രണ്ടുദിവസമായി ഇവരെ പുറത്തുകണ്ടിരുന്നില്ലെന്നും ഫോണുകൾ സ്വിച്ച് ഓഫായിരുന്നുവെന്നും നാട്ടുകാർ വ്യക്തമാക്കി. തുടർന്ന് പൊലീസ് എത്തി ഫ്ലാറ്റിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയപ്പോഴാണ് അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ വിരലുകൾ ഭാഗികമായി മുറിച്ചുമാറ്റിയ നിലയിലായിരുന്നു, തല ഉണ്ടായിരുന്നതുമില്ല. കഴിഞ്ഞ ചൊവ്വാഴ്ച മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ പ്രതിയെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തല സൂക്ഷിച്ച ഫ്രിജ്, കത്തി, കത്രിക, രക്തം പുരണ്ട വസ്ത്രങ്ങൾ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.




