തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് കുടുംബത്തെ അറിയിക്കാതെ പുറത്തുവിട്ട രോഗിയെ കാണാനില്ലെന്ന് പരാതി. വർക്കല ഇടവ സ്വദേശി ഹസീബിനെ കാണാനില്ലെന്ന് കാട്ടി കുടുംബാംഗങ്ങളാണ് പോലീസിൽ പരാതി നൽകിയത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഹസീബിനെ ജൂലൈ 30-നാണ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.
ആഴ്‌ചയിൽ ഒന്നിലധികം ദിവസങ്ങളിൽ ഹസീബിനെ കാണാൻ സഹോദരി ആസ്പത്രിയിൽ എത്താറുണ്ടായിരുന്നു. ഓണത്തിനുശേഷം ഇവർ വീണ്ടും എത്തിയപ്പോഴാണ് ഉത്രാട ദിവസം 200 രൂപ യാത്രാച്ചെലവായി നൽകി ഹസീബിനെ ഡിസ്ചാർജ് ചെയ്ത് അയച്ചതായി ആശുപത്രി അധികൃതർ അറിയിച്ചത്. എന്നാൽ കുടുംബത്തെ ഇക്കാര്യം മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് കുടുംബത്തിന്റെ പ്രധാന പരാതി.
ബന്ധുക്കൾ വിവിധ സ്‌ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഹസീബിനെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്നാണ് കുടുംബം പോലീസിനെ സമീപിച്ചത്. അതേസമയം, അസുഖം പൂർണ്ണമായി ഭേദമായാൽ രോഗികളെ സ്വന്തം ഇഷ്‌ടപ്രകാരം വിട്ടയക്കാറുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. യാത്രച്ചെലവിനായാണ് രോഗിക്ക് 200 രൂപ നൽകിയതെന്നും അധികൃതർ വ്യക്തമാക്കി.




