Featured Spotlight

‘ഞാന്‍ പെട്ടെന്ന് തോന്നുന്നു, ഇനി എന്ന് താഴോട്ട് വരുമെന്ന് അറിയില്ല’; ട്രക്കിങ്ങിനിടെ മലയാളി പർവതാരോഹക സീന സാറ കുടുങ്ങി- വീഡിയോ

നേപ്പാളിലെ പർവതാരോഹണത്തിനിടെ മലയാളി വനിത കുടുങ്ങി. തിരുവല്ല സ്വദേശിനിയായ സീന സാറ മജ്നുവാണ് ലൊബൂച്ചെ പർവതത്തിൽ അപകടത്തിൽപ്പെട്ടത്. തിരികെ താഴേക്ക് ഇറങ്ങുന്നതിനിടെ വീഴുകയായിരുന്നുവെന്ന് സീന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. കുടുംബത്തിന്റെ അഭ്യർഥനയെത്തുടർന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി വിദേശകാര്യ മന്ത്രാലയവുമായും നേപ്പാളിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 21-നാണ് സീന നേപ്പാളിലേക്ക് യാത്രതിരിച്ചത്.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വളരെ അവശന നിലയിലാണ് സീന കാണപ്പെടുന്നത്. പർവതത്തിൽ നിന്ന് താഴേക്ക് ഇറങ്ങുന്ന വഴി വീണെന്നും കൈകൾ അനക്കാൻ സാധിക്കുന്നില്ലെന്നും അവർ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന ആൾ താഴേക്ക് പോയെന്നും പിന്നീട് അയാളെ കാണാനില്ലെന്നും പറഞ്ഞ സീന, പെട്ടെന്ന് തോന്നുന്നു, ഇനി എന്ന് താഴോട്ട് പോകുമെന്ന് അറിയില്ലെന്നും സാറ പറഞ്ഞു.

ഇന്നലെയാണ് സീന അവസാനമായി വീട്ടുകാരുമായി ഫോണിൽ സംസാരിച്ചത്. അപകടത്തെക്കുറിച്ചോ നിലവിലെ അവസ്ഥയെക്കുറിച്ചോ കൂടുതൽ വിവരങ്ങളൊന്നും കുടുംബത്തിന് ഇതുവരെ അറിയാൻ സാധിച്ചിട്ടില്ല.

വർഷങ്ങളായി പർവതാരോഹണ രംഗത്ത് സജീവമായ സീന ലോകത്തിലെ വിവിധ പർവതങ്ങൾ കീഴടക്കുകയും നിരവധി ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. സീനയെ എത്രയും വേഗം രക്ഷപ്പെടുത്താൻ അടിയന്തര ഇടപെടൽ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നിലവിലെ രക്ഷാപ്രവർത്തനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.