ഡൽഹി ക്യാപിറ്റൽസ് 10 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയതോടെ വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) താരലേലത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരിക്കുകയാണ് പതിനഞ്ചുകാരിയായ ഉമ കശ്വി . കർണാടകയിൽ നിന്നുള്ള ഈ യുവ ക്രിക്കറ്റ് താരം തന്റെ മികച്ച സ്പിൻ ബോളിങ് മികവ കൊണ്ടും ഓൾറൗണ്ട് പ്രകടനം കൊണ്ടും ശ്രദ്ധനേടി.
കർണാടകയിൽ നിന്നുള്ള വലങ്കയ്യൻ സ്പിൻ ബോളറും ഓൾറൗണ്ടറുമാണ് ഉമ കശ്വി. വെറും 15-ാം വയസ്സിൽ തന്നെ ശ്രീലങ്കൻ അണ്ടർ-19 ടീമിനെതിരെയുള്ള പരമ്പരയിൽ ഇന്ത്യ അണ്ടർ-19 ടീമിനെ പ്രതിനിധീകരിച്ച് ജൂനിയർ അന്താരാഷ്ട്ര തലത്തിൽ വിലപ്പെട്ട പരിചയസമ്പത്ത് നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
താരലേല പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയായാണ് കശ്വി ഡബ്ല്യുപിഎൽ ലേലത്തിനെത്തിയത്. ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ കൂടിയായ ജെമീമ റോഡ്രിഗസിൽ നിന്ന് തനിക്ക് പിന്തുണയും ഉപദേശങ്ങളും ലഭിച്ചിട്ടുണ്ടെന്ന് കശ്വി മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തിടെ നടന്ന ഒരു അണ്ടർ-19 മത്സരത്തിനിടെ മൈതാനത്തേക്ക് കുരങ്ങൻ ഓടിക്കയറിയ സംഭവത്തോടെ ഉമ കശ്വി സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ബൗണ്ടറി ലൈനിനടുത്ത് പുറകോട്ട് നടക്കുകയായിരുന്ന 15-കാരിയായ കശ്വി, പെട്ടെന്ന് തന്റെ അടുത്തേക്ക് കുരങ്ങൻ വരുന്നത് കണ്ട് മാറിയിറങ്ങാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ബാലൻസ് തെറ്റി കശ്വി പുൽത്തകിടിയിലേക്ക് വീഴുകയും കുരങ്ങൻ അവർക്ക് അരികിലൂടെ ഓടിപ്പോവുകയും ചെയ്തു.
തുടർന്ന് മിനിറ്റുകളോളം മത്സരം നിർത്തിവെക്കേണ്ടി വന്നു. അപ്രതീക്ഷിതമായുണ്ടായ ഭയത്തിൽ നിന്ന് മുക്തയായ ശേഷം കശ്വി എഴുന്നേറ്റു നിൽക്കുകയും മത്സരം വീണ്ടും പുനരാരംഭിക്കുകയും ചെയ്തു.




