മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ യുവജന സംഘടനകൾ നടത്തുന്ന സമരത്തിനിടെ വ്യാപക അക്രമം അരങ്ങേറുന്നു. പ്രക്ഷോഭത്തിനെത്തിയ യുവാക്കൾക്കും കുട്ടികൾക്കും സ്ത്രീകൾക്കും നേരെ ക്രൂരമായ അതിക്രമങ്ങളാണ് നടക്കുന്നത്. പോലീസുകാരല്ലാത്ത ചില ആളുകളാണ് ഈ അക്രമങ്ങൾ അഴിച്ചുവിടുന്നത്.
പ്രതിഷേധത്തിനിടെ കൗമാരക്കാരിയായ ഒരു പെൺകുട്ടിയെ കൂട്ടം ചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമുയർന്നു. പെൺകുട്ടിയെ മർദ്ദിക്കുന്ന സംഘത്തിലൊരാളുടെ കയ്യിൽ കാവിക്കൊടിയുമുണ്ടായിരുന്നു. ഇയാൾ ഉത്തർപ്രദേശ് എംഎൽഎ നന്ദ കിഷോർ ഗുജ്ജാറിനൊപ്പം നിൽക്കുന്ന ചിത്രം ഫാക്ട് ചെക്കർ മുഹമ്മദ് സുബൈർ പുറത്തുവിട്ടത് സംഭവത്തിന്റെ ഗൗരവം കൂട്ടി.
അതേസമയം, ‘ജെൻസി’ പ്രക്ഷോഭത്തെ തുടർന്ന് ഇന്ന് ഡൽഹി പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലായിരുന്നു. പരമ്പരാഗത സമരവേദിയായ ജന്തർമന്തറിലേക്ക് ആർക്കും പ്രവേശനമില്ലാത്ത വിധത്തിൽ വലിയ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. സമരം തടയാൻ നഗരത്തെ തന്നെ ഡൽഹി പോലീസ് കസ്റ്റഡിയിലാക്കിയെങ്കിലും, അപ്രതീക്ഷിതമായി ദില്ലി ഹാട്ടിലേക്ക് ഐസ പ്രതിഷേധം മാറ്റിയത് പോലീസിനെ ഞെട്ടിച്ചു. തുടർന്ന് വിദ്യാർത്ഥികളെ പോലീസ് ശക്തി ഉപയോഗിച്ച് വലിച്ചിഴച്ചാണ് അവിടെനിന്ന് ഒഴിപ്പിച്ചത്. ഐഷി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ വൈകിട്ട് ഏഴുമണിയോടെയാണ് പോലീസ് വിട്ടയച്ചത്.




