കൈക്കുഞ്ഞിനെ നെഞ്ചോടു ചേർത്ത് വീടിനു മുന്നിൽ നിൽക്കുകയായിരുന്ന മുത്തച്ഛനു നേരെ പൊടുന്നനെയാണ് കൂറ്റൻ കാളയുടെ ആക്രമണമുണ്ടായത്. കാളയുടെ കുത്തേറ്റു തെറിച്ചുവീണ മുത്തച്ഛന്റെ കൈയിൽനിന്ന് കുഞ്ഞും നിലത്തേക്ക് വീണു. തുടർന്ന് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം പ്രാണൻ പോലും പണയപ്പെടുത്തി ആ മുത്തച്ഛൻ നടത്തിയ പോരാട്ടത്തിന്റെ ഭീതിജനകമായ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
ഛത്തീസ്ഗഡിലെ റായ്പൂരിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. പുറത്തുവന്ന ദൃശ്യങ്ങൾ പ്രകാരം, ഒരു വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞിനെയും പിടിച്ച് നിൽക്കുകയായിരുന്ന അറുപതുകാരനെ പിന്നിലൂടെ പാഞ്ഞെത്തിയ കറുത്ത കാള കുത്തിയെടുത്ത് നിലത്തെറിയുകയായിരുന്നു. ഇരുവരും നിലത്തുവീണതോടെ, കുഞ്ഞിന് ആപത്തൊന്നും വരാതെ കാത്തുരക്ഷിക്കാനുള്ള ശ്രമത്തിനിടയിലും കാള ആ മനുഷ്യനെ വീണ്ടും ക്രൂരമായി ആക്രമിച്ചുകൊണ്ടിരുന്നു.
നിലത്തുകിടന്ന കുഞ്ഞിനെ കൈയിലെടുക്കാൻ ഇയാൾ പലതവണ ശ്രമിച്ചെങ്കിലും ആക്രമണം തുടർന്ന കാള അതിന് അനുവദിച്ചില്ല. കുഞ്ഞിന്റെ മുകളിലൂടെ കയറിയും മുത്തച്ഛനെ മാറിമാറി ആക്രമിച്ചും ഭീതി സൃഷ്ടിച്ച കാളയുടെ മുന്നിൽ കുഞ്ഞിന്റെ സുരക്ഷ മാത്രമായിരുന്നു ആ മുത്തച്ഛന്റെ ലക്ഷ്യം. കാള വീണ്ടും കുത്താൻ വരുമ്പോഴെല്ലാം തന്ത്രപരമായി മാറിയും തടഞ്ഞും ഇയാൾ കുഞ്ഞിന് കവചമൊരുക്കി. ഇതിനിടെ ബഹളം കേട്ട് വീട്ടിനുള്ളിൽനിന്ന് ഓടിയെത്തിയ രണ്ടു സ്ത്രീകളിൽ ഒരാൾ കുഞ്ഞിനെ വേഗത്തിൽ കോരിയെടുത്ത് സുരക്ഷിതമായി മാറ്റിയതോടെ വലിയൊരു ദുരന്തം ഒഴിവായി.
ഏകദേശം 30 സെക്കൻഡ് നീണ്ടുനിന്ന ജീവൻമരണ പോരാട്ടത്തിനൊടുവിൽ കാള പിൻവാങ്ങിയെന്ന് ഉറപ്പായതോടെ മുത്തച്ഛൻ തളർന്നുവീഴുന്നത് ദൃശ്യങ്ങളിൽ കാണാം. അപ്രതീക്ഷിതമായുണ്ടായ ഈ സംഭവത്തോടെ തെരുവിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള ആശങ്കയിലാണ് നാട്ടുകാർ. തെരുവുനായ്ക്കളുടെ കടിയേറ്റതിനെ തുടർന്നാണ് കാള പെട്ടെന്ന് അക്രമകാരിയായതെന്നാണ് ലഭിക്കുന്ന വിവരം. അപകടം സൃഷ്ടിച്ച കാളയെ പിടികൂടാനുള്ള ശ്രമങ്ങൾ റായ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്.




