Featured Good News

തുറന്ന ജയിലില്‍ വിവാഹിതരായി മുന്‍ മാവോയിസ്റ്റ് കമാന്‍ഡര്‍മാര്‍, വധൂവരന്മാരുടെ ബന്ധുക്കളായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ!

റാഞ്ചി: തോക്കുകൾ താഴെവെച്ച് മുഖ്യധാരയിലേക്ക്  തിരിച്ചെത്തിയ രണ്ട് മുൻ മാവോയിസ്റ്റ് കമാൻഡർമാർ ഹസാരിബാഗ് ഓപ്പൺ ജയിലിൽ വെച്ച് വിവാഹിതരായി. മുൻ നക്സലുകളുടെ പുനരധിവാസത്തിന് കരുത്തേകുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസും ജില്ലാ ഭരണകൂടവും സംയുക്തമായാണ് അപൂർവ്വമായ ഈ മംഗളകർമ്മത്തിന് നേതൃത്വം നൽകിയത്. സുരേഷ് സിംഗ് മുണ്ട, സോംവാരി ഹെംബ്രാം എന്നിവരാണ് ദാമ്പത്യ ജീവിതത്തിലേക്ക് കടന്നത്. ജാർഖണ്ഡിലെ ഓപ്പൺ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്നവർ തമ്മിൽ നടക്കുന്ന ആദ്യത്തെ വിവാഹമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

റാഞ്ചിയിലെ ബുണ്ടു സ്വദേശിയായ സുരേഷും തമർ സ്വദേശിയായ സോംവാരിയും വർഷങ്ങളോളം മാവോയിസ്റ്റ് പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിച്ചവരാണ്. പിന്നീട് അക്രമമാർഗ്ഗം ഉപേക്ഷിച്ച് ഇരുവരും കീഴടങ്ങുകയായിരുന്നു. ഡിജിപി തദാഷ മിശ്രയുടെ നിർദ്ദേശാനുസരണം പൊലീസും ജില്ലാ ഭരണകൂടവും ചേർന്നാണ് വിവാഹത്തിന്റെ മുഴുവൻ ചുമതലകളും ഏറ്റെടുത്തത്. അക്രമത്തിന്റെ വഴി ഉപേക്ഷിച്ച് സമാധാനപാത സ്വീകരിച്ചവർക്ക് മാന്യമായ അന്തരീക്ഷം ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ജയിൽ ഐജി സുദർശൻ കുമാർ മണ്ഡൽ വ്യക്തമാക്കി. കീഴടങ്ങി തിരിച്ചെത്തുന്നവർക്ക് മെച്ചപ്പെട്ട ജീവിതം നൽകാൻ വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശരിയായ ജീവിതമാർഗ്ഗം കണ്ടെത്താനും സമൂഹത്തിലേക്ക് തിരിച്ചെത്താനും മുൻ മാവോയിസ്റ്റുകളെ സഹായിക്കുകയാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. സർക്കാരിന്റെ ആനുകൂല്യങ്ങളിൽ ആകൃഷ്ടരായി ആയുധം വെച്ചു കീഴടങ്ങിയ ഇരുവരും പുനരധിവാസ നടപടികളുടെ ഭാഗമായി ഓപ്പൺ ജയിലിൽ കഴിയുകയായിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ അധികാരികളും വധൂവരന്മാരുടെ ബന്ധുക്കളുടെ സ്ഥാനം ഏറ്റെടുത്താണ് ചടങ്ങുകൾ നടത്തിയത്. പരമ്പരാഗത ആചാരപ്രകാരം ദമ്പതികളെ സ്വീകരിച്ച അധികൃതർ അവർക്ക് ഉപഹാരങ്ങൾ കൈമാറുകയും ചടങ്ങുനടന്ന സ്ഥലത്തു വെച്ചുതന്നെ വിവാഹ രജിസ്ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തു.