Featured Lifestyle

അമ്മയെ മാനേജരാക്കി, രണ്ടാഴ്ചയ്ക്കകം പിരിച്ചുവിട്ടു, ഇതാണ് കാരണം ! ഗായിക അവന്തി നഗ്രലിന്റെ പോസ്റ്റ് വൈറൽ!

സ്വന്തം അമ്മയെ മാനേജരായി ജോലിയിൽ പ്രവേശിപ്പിച്ചെങ്കിലും വെറും രണ്ടാഴ്ചയ്ക്കകം തന്നെ പിരിച്ചുവിടേണ്ടി വന്ന അനുഭവം പങ്കുവെച്ച് ഗായിക അവന്തി നഗ്രൽ. ലിങ്ക്ഡ്ഇനിൽ അവന്തി എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. പ്രൊഫഷണൽ കാര്യങ്ങളെ മാതൃസ്നേഹത്തിൽ നിന്ന് വേർതിരിച്ചുകാണാൻ അമ്മയ്ക്ക് കഴിയാതെ പോയതാണ് ഇങ്ങനെയൊരു തീരുമാനത്തിന് വഴിവെച്ചതെന്ന് ഗായിക വ്യക്തമാക്കുന്നു.

ഹാർവാർഡ് സർവകലാശാലയിൽ പഠിക്കുന്നതിന് മുമ്പ് ലോകമെമ്പാടും സംഗീതപരിപാടികളും നാടകങ്ങളും അവതരിപ്പിച്ചു വരികയായിരുന്നു അവന്തി. കരിയർ മികച്ച രീതിയിൽ മുന്നോട്ടുപോയതോടെ ഇമെയിലുകൾ, പ്രതിഫലം, യാത്രകൾ തുടങ്ങിയ കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഒരു സഹായിയെ ആവശ്യമായി വന്നു. ഈ സമയത്ത് ജോലി ഒഴിവുണ്ടായിരുന്ന അമ്മ തന്നെ മകളെ സഹായിക്കാൻ മുന്നോട്ടുവരികയായിരുന്നു.

ആദ്യ ദിവസങ്ങളിൽ കാര്യങ്ങൾ നന്നായി നടന്നുവെങ്കിലും വൈകാതെ പ്രശ്നങ്ങൾ തുടങ്ങി. ഒരു മാനേജർ എന്നതിനേക്കാൾ അമ്മ എന്ന നിലയിൽ മകളുടെ സുരക്ഷയ്ക്കാണ് അവർ മുൻഗണന നൽകിയത്. രാത്രി വൈകിയുള്ള പരിപാടികൾ, അപരിചിതമായ സ്ഥലങ്ങളിലെ ഷോകൾ, വലിയ ജനക്കൂട്ടം എന്നിവ ഉണ്ടാക്കുന്ന അപകടസാധ്യതകൾ ഓർത്ത് അമ്മ പല നല്ല അവസരങ്ങളും വേണ്ടെന്ന് വെക്കാൻ തുടങ്ങി.

തന്റെ കരിയർ വളർത്തുന്നതിന് പകരം അമ്മ മകളെ സംരക്ഷിക്കാനാണ് നോക്കിയതെന്നും, ഇവ രണ്ടും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്നും അവന്തി കുറിച്ചു. പിന്നീട് വ്യക്തിബന്ധങ്ങളും ജോലിയും വേർതിരിച്ചു കാണാൻ കഴിവുള്ള പ്രൊഫഷണലുകളെ താൻ കണ്ടെത്തുകയായിരുന്നു. എങ്കിലും തുടക്കക്കാരായ പല കലാകാരന്മാർക്കും ഇത്തരം പ്രൊഫഷണൽ സഹായങ്ങൾ ലഭിക്കാറില്ലെന്നും, അവരൊക്കെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ആണ് ആശ്രയിക്കുന്നതെന്നും പറഞ്ഞാണ് ഗായിക കുറിപ്പ് അവസാനിപ്പിക്കുന്നത്.