ന്യൂഡൽഹി: 1988-ലെ കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 105 വയസ്സുള്ള രസിക് ചന്ദ്ര മണ്ഡലിനെ മോചിപ്പിക്കാൻ സുപ്രീം കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു. 2024-ൽ ഇയാൾക്ക് അനുവദിച്ച ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തിയ കോടതി, ശിക്ഷയിൽ ഇനിയും കാലയളവ് ബാക്കിയുണ്ടെങ്കിൽപോലും അത് ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്ത് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ശിക്ഷാകാലാവധി പൂർത്തിയായിട്ടില്ലെങ്കിൽപോലും ഇയാളെ ഇനി കസ്റ്റഡിയിലെടുക്കില്ലെന്ന് കോടതി വ്യക്തമാക്കി.
അതിപ്രായമായ തടവുകാരുടെ കാര്യത്തിൽ കോടതികൾ പുലർത്തുന്ന മാനുഷിക പരിഗണന എടുത്തുകാണിക്കുന്നതാണ് ഈ വിധി. പ്രായവും ആരോഗ്യപ്രശ്നങ്ങളും അലട്ടുന്ന 105-കാരനായ മണ്ഡലിനെ വീണ്ടും ജയിലിലടയ്ക്കുന്നതിൽ പ്രായോഗികമായി ഒരു അർത്ഥവുമില്ലെന്ന് കോടതി നിരീക്ഷിച്ചു. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ 1920-ൽ ജനിച്ച മണ്ഡലിനെതിരെ 1988-ലാണ് ഐ.പി.സിയിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തത്.
1994 ഡിസംബർ 12-ന് ഐ.പി.സി 302-ാം വകുപ്പ് പ്രകാരം ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്തു. ശിക്ഷിക്കപ്പെടുമ്പോൾ അദ്ദേഹത്തിന് 68 വയസ്സായിരുന്നു പ്രായം. ശിക്ഷയ്ക്കെതിരെ അദ്ദേഹം വർഷങ്ങളോളം നിയമപോരാട്ടം നടത്തിയെങ്കിലും ഫലമുണ്ടായില്ല. 2018-ൽ കൽക്കട്ട ഹൈക്കോടതി അദ്ദേഹത്തിന്റെ അപ്പീൽ തള്ളി. തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അവിടെനിന്നും ആശ്വാസമൊന്നും ലഭിച്ചില്ല.
തുടർന്ന് 2020-ൽ, തന്റെ 99-ാം വയസ്സിൽ, പ്രായക്കൂടുതലും അനുബന്ധ അസുഖങ്ങളും ചൂണ്ടിക്കാട്ടി സമയത്തിന് മുമ്പുള്ള മോചനത്തിനായി മണ്ഡൽ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. 2021 മേയിൽ സുപ്രീം കോടതി ബംഗാൾ സർക്കാരിന് ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചു. ഈ ഹർജി തീർപ്പാകാതെ കിടക്കവെയാണ് 2024 നവംബർ 29-ന് സുപ്രീം കോടതി ഇയാൾക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.
ഇപ്പോൾ മണ്ഡലിനെ വീണ്ടും ജയിലിലേക്ക് അയക്കുന്നതിലോ ബാക്കി ശിക്ഷ അനുഭവിപ്പിക്കുന്നതിലോ ന്യായമില്ലെന്ന് വിലയിരുത്തിയ കോടതി, ഹർജി പൂർണ്ണമായി തീർപ്പാക്കി അദ്ദേഹത്തെ സ്വതന്ത്രനാക്കുകയായിരുന്നു. കുറ്റം ചുമത്തപ്പെട്ട് നാല് പതിറ്റാണ്ടോളവും ശിക്ഷിക്കപ്പെട്ട് മൂന്ന് പതിറ്റാണ്ടിലേറെയും പിന്നിട്ട ശേഷമാണ് ഈ കേസിന് മാനുഷിക പരിഗണനയോടെയുള്ള അന്ത്യമായത്.




