ഓഗസ്റ്റ് 19-ന് സംപ്രേഷണം ചെയ്ത ‘കോൺ ബനേഗ ക്രോർപതി 18’-ൽ ഐ.ഐ.ടി ബോംബെ ടോപ്പറായ യോഗേഷ് സാഹുവിന് ഒരു തെറ്റായ ഉത്തരം ഒരു കോടി നഷ്ടപ്പെടുത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 23-കാരനായ യോഗേഷ് 1 കോടി രൂപയുടെ ചോദ്യത്തിൽ ഇടറി 50 ലക്ഷം രൂപ നേട്ടത്തോടെയാണ് മത്സരം അവസാനിപ്പിച്ചത്. കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് യു.പി.എസ്.സി സ്വപ്നത്തിനായി ശ്രമിക്കുന്ന യോഗേഷിന്റെ തീരുമാനവും അതിന് കുടുംബം നൽകിയ പിന്തുണയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
1943-ൽ മുംബൈയിലെ മഹാലക്ഷ്മി റെയ്സ്കോഴ്സിൽ നടന്ന ആദ്യത്തെ ‘ഇന്ത്യൻ ഡെർബി’ റീജണൽ കുതിരപ്പന്തയത്തിൽ വിജയിച്ച ബറോഡ മഹാരാജാവിന്റെ കുതിര ഏതാണെന്നതായിരുന്നു യോഗേഷിനോട് ചോദിച്ച 1 കോടി രൂപയുടെ ചോദ്യം. ‘പ്രിൻസസ് ബ്യൂട്ടിഫുൾ’, ‘റെഗൽ ഡൊമെയ്ൻ’, ‘സ്റ്റാർ ഓഫ് ഗ്വാളിയോർ’, ‘പ്രിൻസ് പ്രദീപ്’ എന്നിവയായിരുന്നു നാല് ഓപ്ഷനുകൾ.
ലൈഫ്ലൈനുകൾ എല്ലാം തീർന്നതിനാൽ തെറ്റായ ഓപ്ഷനുകൾ ഒഴിവാക്കി ശരിയുത്തരം കണ്ടെത്തുന്ന രീതിയാണ് യോഗേഷ് ഉപയോഗിച്ചത്. ചോദ്യത്തിൽ പെൺകുതിരയെ (mare) അല്ല, കുതിരയെ (horse) കുറിച്ചാണ് ചോദിച്ചിരിക്കുന്നത് എന്ന യുക്തി ഉപയോഗിച്ച് ‘പ്രിൻസസ് ബ്യൂട്ടിഫുൾ’ എന്ന ഓപ്ഷൻ അദ്ദേഹം ഒഴിവാക്കുകയും ‘പ്രിൻസ് പ്രദീപ്’ എന്നത് തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ ‘പ്രിൻസസ് ബ്യൂട്ടിഫുൾ’ എന്നതായിരുന്നു ശരിയുത്തരം. 1943 ജനുവരി 30-നാണ് ആദ്യത്തെ ഇന്ത്യൻ ഡെർബി നടന്നത്. ബറോഡ മഹാരാജാവ് ഗെയ്ക്വാഡിന്റെ ഉടമസ്ഥതയിലുള്ള ‘പ്രിൻസസ് ബ്യൂട്ടിഫുൾ’ എന്ന കുതിരയാണ് അന്ന് ഒന്നാമതെത്തിയത്.
ഛത്തീസ്ഗഡിലെ ഭടാപാറ സ്വദേശിയാണ് യോഗേഷ്. ഡ്രൈവറാണ് അദ്ദേഹത്തിന്റെ പിതാവ്. പരിമിതമായ സാഹചര്യങ്ങളിൽ വളർന്ന യോഗേഷ് ഐ.ഐ.ടി ബോംബെയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ടോപ്പറായാണ് പഠിച്ചിറങ്ങിയത്. വർഷത്തിൽ 18 ലക്ഷം രൂപ ശമ്പളമുള്ള ജോലി ലഭിച്ചെങ്കിലും ഐ.എ.എസ് ഉദ്യോഗസ്ഥനാവുക എന്ന സ്വപ്നത്തിനായി അദ്ദേഹം അത് വേണ്ടെന്നുവെക്കുകയായിരുന്നു. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും യു.പി.എസ്.സി പരീക്ഷയ്ക്കായി തയ്യാറെടുക്കാൻ കുടുംബം നൽകിയ പിന്തുണ വലുതാണെന്ന് യോഗേഷ് പറഞ്ഞു.




