കഠിനമായ രണ്ടു മണിക്കൂർ വർക്കൗട്ടുകളെയും ശരീരമാറ്റങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഇന്നത്തെ ഫിറ്റ്നസ് സംസ്കാരത്തിനിടയിൽ, ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഒരു ഫിറ്റ്നസ് ശീലം എങ്ങനെ കെട്ടിപ്പടുക്കാം എന്ന് കാണിച്ചുതരികയാണ് ന്യൂയോർക്കിൽ നിന്നുള്ള ഇന്ത്യൻ കണ്ടന്റ് ക്രിയേറ്ററായ മാൻവി ജെയിൻ. ഇൻസ്റ്റാഗ്രാമിൽ ‘4’11” Indian mom in NYC’ എന്ന പേരിൽ അറിയപ്പെടുന്ന മാൻവി, ഓഗസ്റ്റ് 28-ന് പങ്കുവെച്ച വീഡിയോയിലൂടെ ഫിറ്റ്നസിനോടുള്ള തന്റെ സമീപനം മാറ്റിയത് ജീവിതത്തിൽ എങ്ങനെയെല്ലാം പോസിറ്റീവായി സഹായിച്ചു എന്ന് വെളിപ്പെടുത്തി.
വർക്കൗട്ട് കഴിഞ്ഞ് എത്രത്തോളം തളർന്നു പോകുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് പലരും അതിൻ്റെ വിജയം കണക്കാക്കുന്നത്. എന്നാൽ ഈ രീതിക്ക് പകരം വർക്കൗട്ട് ചെയ്യുമ്പോൾ തനിക്ക് ലഭിക്കുന്ന മാനസികാരോഗ്യത്തിനും സന്തോഷത്തിനും മുൻഗണന നൽകാനാണ് മാൻവി തീരുമാനിച്ചത്. “വർക്കൗട്ട് എത്രത്തോളം കഠിനമായിരുന്നു എന്നതിന് പകരമായി, അത് ചെയ്ത് കഴിഞ്ഞപ്പോൾ എനിക്ക് എന്ത് തോന്നി എന്നതിനാണ് ഞാൻ ഇപ്പോൾ പ്രാധാന്യം നൽകുന്നത്,” എന്ന് മാൻവി കുറിച്ചു. മികച്ച മാനസികാവസ്ഥ, ഉന്മേഷം, വ്യക്തമായ ചിന്തകൾ എന്നിവയാണ് ഇതിലൂടെ ലഭിക്കുന്നത്. ഓരോ ദിവസവും ഒരേ കാര്യങ്ങൾ തന്നെ ആവർത്തിക്കുന്നതല്ല സ്ഥിരതയെന്നും മാൻവി പറയുന്നു.
ശരീരം ആവശ്യപ്പെടുന്നതിനനുസരിച്ച് വ്യായാമം ചെയ്യുക എന്നതാണ് അവരുടെ രീതി. ചില ദിവസങ്ങളിൽ ഭാരമുയർത്താനോ കഠിനമായ കാർഡിയോ ചെയ്യാനോ ആയിരിക്കും താല്പര്യം, എന്നാൽ മറ്റ് ചില ദിവസങ്ങളിൽ ലളിതമായ സ്ട്രെച്ചിംഗ് മാത്രമായിരിക്കും ചെയ്യുന്നത്. ചെയ്യുന്ന രീതിയിൽ മാറ്റം വന്നാലും ദിവസവും വ്യായാമം ചെയ്യുക എന്ന ലക്ഷ്യത്തിൽ നിന്ന് മാറിനിൽക്കാറില്ല. ആ ദിവസത്തിന് അനുയോജ്യമായ രീതിയിലുള്ള വ്യായാമമാണ് തിരഞ്ഞെടുക്കുന്നത്.
തന്റെ മകൾ ഉണരുന്നതിന് മുമ്പുള്ള സമയമാണ് വ്യായാമത്തിനായി മാൻവി മാറ്റിവെക്കുന്നത്. തിരക്കേറിയ ദിനചര്യകൾക്കിടയിലും തനിക്കായി മാറ്റിവെക്കുന്ന ഈ സമയം ദിവസം മുഴുവൻ പോസിറ്റീവായിരിക്കാൻ തന്നെ സഹായിക്കുന്നു. കഠിനമായ വർക്കൗട്ട് ഫലങ്ങൾക്ക് പുറകെ പോകുന്നതിന് പകരം മാനസികമായ ഉന്മേഷത്തിന് പ്രാധാന്യം നൽകുന്നത് തിരക്കുപിടിച്ച ജീവിതമുള്ളവർക്ക് ഫിറ്റ്നസ് ശീലമാക്കാൻ ഏറെ സഹായകമാണ്. വ്യായാമം എന്നത് സ്വയം കണ്ടെത്താനും ദിവസം ഊർജ്ജസ്വലമായി തുടങ്ങാനുമുള്ള ഒരു വഴിയാണെന്ന് മാൻവി തന്റെ അനുഭവത്തിലൂടെ തെളിയിക്കുന്നു.




