Uncategorized

നോക്കണ്ടാ ഉണ്ണീ… ഇത്‌ സര്‍ഫറാസ്‌ തന്നെയാ ! ഭാരം 17 കിലോ കുറച്ച് പുതിയ ലുക്കില്‍ താരം

കൊളംബോ: ശാരീരികക്ഷമതയില്ലെന്നും തടികൂടുതലാണെന്നുമുള്ള വിമർശനങ്ങൾ മറികടക്കാൻ ഒന്നര വർഷത്തിനിടെ 17 കിലോ ഭാരം കുറച്ച ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാനാണ് ഇപ്പോൾ കായികപ്രേമികൾക്കിടയിലെ പ്രധാന ചർച്ചാവിഷയം. അമിതഭാരത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്ന കളിക്കാരിൽ ഒരാളാണ് സർഫറാസ്. സായ് സുദർശന് പരുക്കേറ്റതിനെ തുടർന്ന് ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് സർഫറാസിന് വിളി വന്നതോടെയാണ് ഈ വിഷയം വീണ്ടും സജീവമായത്.

കഠിനാധ്വാനവും ആത്മവിശ്വാസവുമാണ് താരത്തെ വീണ്ടും ദേശീയ ടീമിലെത്തിച്ചത്. മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്കർ ഉൾപ്പെടെയുള്ളവർ മുൻപ് സർഫറാസിനെ പിന്തുണയ്ക്കുകയും ശരീരഭാരത്തേക്കാൾ പ്രധാനം ക്രിക്കറ്റിലെ പ്രകടനവും ഫിറ്റ്നസുമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടും ഭാരക്കൂടുതൽ ചൂണ്ടിക്കാട്ടി മുൻപ് താരത്തെ തഴഞ്ഞിരുന്നെങ്കിലും, പുതിയ രൂപത്തിലും ഭാവത്തിലും സെലക്ടർമാരുടെ വിശ്വാസം വീണ്ടെടുക്കാൻ സർഫറാസിന് കഴിഞ്ഞു.

“ഒരുപക്ഷേ ഞാൻ ഏറ്റവും യോഗ്യനായ ആളായിരിക്കില്ല, എങ്കിലും കൈയിലുള്ളതെല്ലാം നൽകി പോരാടും” എന്ന് ടീം പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് സർഫറാസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. മുംബൈയിൽ മഴ വില്ലനായപ്പോൾ കാശ്മീരിലെ ഷേർ-ഇ-കാശ്മീർ സ്റ്റേഡിയത്തിൽ എത്തി മണിക്കൂറുകളോളം തീവ്ര പരിശീലനം നടത്തിയാണ് താരം തന്റെ മികവ് വീണ്ടെടുത്തത്. സ്പിൻ ബൗളിങ്ങിനെ നേരിടുന്നതിനായി മുംബൈയിൽ ചുവന്ന മണ്ണുള്ള പിച്ചുകൾ വാടകയ്‌ക്കെടുത്തും ആസ്ട്രോ ടർഫ് വിക്കറ്റുകളിലും പ്രത്യേക പരിശീലനത്തിൽ താരം ഏർപ്പെട്ടു. സ്പിന്നർമാർക്കെതിരെ ഫലപ്രദമായി സ്വീപ്, റിവേഴ്‌സ് സ്വീപ് ഷോട്ടുകൾ കളിക്കാനുള്ള തന്ത്രങ്ങളും താരം മെച്ചപ്പെടുത്തി. 2024 ലെ ന്യൂസിലൻഡ് പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്ന് ടീമിൽ നിന്ന് പുറത്തായെങ്കിലും, ഇന്ത്യ എ ടീമിനായി ഇംഗ്ലണ്ടിൽ 92 റൺസും സെഞ്ചുറിയും നേടി സർഫറാസ് തന്റെ ഫോം തെളിയിച്ചിരുന്നു.

ശരീരഭാരം കുറച്ച് തീർത്തും പുതിയ ലുക്കിലെത്തിയ സർഫറാസിന്റെ ചിത്രങ്ങൾ ആരാധകർക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. കൃത്യമായ ഡയറ്റ് ക്രമീകരണങ്ങളാണ് ഭാരം കുറയ്ക്കാൻ താരത്തെ സഹായിച്ചത്. റൊട്ടിയും ചോറും പൂർണ്ണമായും ഒഴിവാക്കി ബ്രൊക്കോളി, കാരറ്റ്, പച്ചക്കറി സാലഡുകൾ എന്നിവ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തി. ഗ്രിൽ ചെയ്ത മീൻ, ചിക്കൻ, മുട്ട, അവക്കാഡോ, മുളപ്പിച്ച ചെറുപയർ എന്നിവയായിരുന്നു പ്രധാന ഭക്ഷണം. ഇതിനൊപ്പം ആഴ്ചയിൽ ആറുദിവസവും കുറഞ്ഞത് ഒരു മണിക്കൂർ വീതം ജിം വർക്കൗട്ടും ദിവസേന ഒരു മണിക്കൂർ ജോഗിങ്ങും താരം മുടങ്ങാതെ പിന്തുടർന്നു.