Crime

‘അമ്മ, ഐ ആം സോറി’: ഐജ മഹേഷിന്റെ സഹോദരന്‍ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ, ദുബായിൽനിന്നെത്തിയത് ഞായറാഴ്ച

മംഗളൂരു ∙ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് പുനഃപരീക്ഷയ്ക്ക് പരിശീലിക്കുന്നതിനിടെ ജീവനൊടുക്കിയ ഐജ മഹേഷിന്റെ സഹോദരൻ അർജുനെ (24) മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പള്ളിക്കര മുക്കൂട് സ്വദേശിയായ ഇയാളെ ബജ്പെയ്ക്കടുത്തുള്ള മറവൂരിലെ ഹോട്ടലിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച ദുബായിൽനിന്നും മംഗളൂരു വിമാനത്താവളത്തിൽ എത്തിച്ചേർന്ന അർജുൻ അന്നു രാത്രിയോടെയാണ് ഹോട്ടലിൽ മുറിയെടുത്തത്. തിങ്കളാഴ്ച രാവിലെയായിട്ടും മുറി തുറക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ ബജ്പെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും ബന്ധുക്കളും സ്ഥലത്തെത്തി വാതിൽ തുറന്നു പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

‘അമ്മ, ഐ ആം സോറി’ എന്ന് എഴുതിയ ഒരു കുറിപ്പ് മുറിയിൽനിന്നും ലഭിച്ചതായും ചില സുഹൃത്തുക്കളെ വിവരം അറിയിക്കണമെന്ന് അതിൽ എഴുതിയിട്ടുണ്ടെന്നും മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ സുധീർ കുമാർ റെഡ്ഡി വ്യക്തമാക്കി. മംഗളൂരു വെൻലോക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ദുബായിൽ ഓട്ടോമൊബൈൽ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു അർജുൻ.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)