വ്ലോഗർ ജ്യോതി മൽഹോത്ര പാക്കിസ്ഥാന്‍ ചാരയാണെന്നതിനു ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ്. 2500 പേജുള്ള കുറ്റപത്രത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ സർക്കാർ പുറത്താക്കിയ പാക്കിസ്ഥാൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു.
ഏറെ നാളുകളായി ജ്യോതി ചാരവൃത്തി നടത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. പാക്ക് ചാര സംഘടനയായ ഐഎസ്ഐ ഉദ്യോഗസ്ഥരുമായും ഇവര്‍ ബന്ധം പുലർത്തി. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പ്രധാന വിവരങ്ങൾ പാക്കിസ്ഥാന് കൈമാറിയതായി വ്യക്തമായതിനെ തുടർന്നാണ് ജ്യോതിയെ അറസ്റ്റു ചെയ്തത്.
ജ്യോതി ‘ട്രാവൽ വിത്ത് ജോ’ എന്ന പേരിൽ യുട്യൂബ് ചാനൽ നടത്തിയിരുന്നു. ഇതിന്റെ പേരിൽ നിരവധി തവണ പാക്കിസ്ഥാൻ സന്ദർശിച്ചു. 2023ൽ ജ്യോതി ഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷൻ ഓഫിസ് സന്ദർശിച്ചതായും അവിടെ വച്ച് ഹൈക്കമ്മിഷനിലെ ജീവനക്കാരനായ എഹ്സാൻ ഉർ റഹീം എന്ന ഡാനിഷുമായി അടുത്ത ബന്ധം സ്ഥാപിച്ചതായും ഹരിയാന പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു. 2023ലെ പാക്കിസ്ഥാൻ സന്ദർശനത്തിനിടെ അലി എഹ്‌വാന്‍ എന്നയാളെ ജ്യോതി കണ്ടുമുട്ടി. പാക്കിസ്ഥാനിലെ ജ്യോതിയുടെ താമസവും യാത്രയും ഏർപ്പാടാക്കിയത് അലി ആയിരുന്നു. ഈ വ്യക്തിയാണ് ജ്യോതിക്ക് പാക്കിസ്ഥാൻ സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തി കൊടുത്തത്. പാക്കിസ്ഥാനിൽ വച്ച് ഷാക്കിർ, റാണ ഷഹബാസ് എന്നീ ഉദ്യോഗസ്ഥരെ ജ്യോതി കണ്ടെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. പാക്കിസ്ഥാനിൽനിന്നു മടങ്ങിയെത്തിയ ശേഷം, വാട്‍സാപ്പ്, ടെലഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴി യുവതി ഇവരുമായി ബന്ധം തുടർന്നെന്നും എഫ്ഐആറിലുണ്ട്.
തന്റെ യുട്യൂബ് ചാനൽ വഴി ഇന്ത്യയിലെ തന്ത്രപ്രധാന സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ജ്യോതി പങ്കുവച്ചെന്നും സമൂഹമാധ്യമങ്ങളിലൂടെ പാക്കിസ്ഥാന്റെ പ്രതിച്ഛായ ഉയർത്തിക്കാട്ടാൻ ശ്രമിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. വിഡിയോ ചിത്രീകരണത്തിനായി ജ്യോതി കേരളവും സന്ദർശിച്ചിരുന്നതും വിവാദമായിരുന്നു.




