Featured Oddly News

ഗംഗയിൽ മുങ്ങി ബിയറടി; വാരണാസിയിൽ യുവാവിനെതിരെ കേസ്, പ്രതിഷേധം- വീഡിയോ

വാരണാസിയിലെ അസി ഘട്ടിൽ ഹിന്ദുക്കൾ അതീവ വിശുദ്ധമായി കരുതുന്ന ഗംഗാനദിയിൽ മുങ്ങിനിവർന്നുകൊണ്ട് യുവാവ് ബിയർ കുടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇതിനെത്തുടർന്ന് പ്രദേശവാസികളും മതനേതാക്കളും കടുത്ത അമർഷത്തിലാണ്. സംഭവത്തിൽ മതവികാരം വ്രണപ്പെടുത്തിയതിന് യുവാവിനെതിരെ കേസെടുത്ത പോലീസ്, ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ വീഡിയോ പുറത്തുവന്നത്. പുലർച്ചെ കൈയിൽ ബിയർ കാനുമായി യുവാവ് ഗംഗയിൽ കുളിക്കുന്നതും, മദ്യം കഴിച്ച ശേഷം ഒഴിഞ്ഞ കാൻ നദീതീരത്തേക്ക് വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ കാണാം. വിശുദ്ധ നദിയിൽ ഇറങ്ങി ബിയർ കുടിച്ച സംഘത്തെ അവിടെയുണ്ടായിരുന്നവർ ചോദ്യം ചെയ്തപ്പോൾ, ഇനി കുടിക്കില്ലെന്നായിരുന്നു ഒരാളുടെ മറുപടി. ഘട്ടിലുണ്ടായിരുന്ന ആളുകൾ യുവാവിനെ നദിയിൽ നിന്ന് വിളിച്ചുവരുത്തി ശാസിക്കുകയും ചെയ്തു. തുടർന്ന് താൻ ബിഹാറിലെ രോഹ്താസ് ജില്ലക്കാരനായ സന്തോഷ് സിംഗ് ആണെന്ന് വെളിപ്പെടുത്തിയ യുവാവ്, തനിക്ക് തെറ്റുപറ്റിയതായും ഇനി ഇത് ആവർത്തിക്കില്ലെന്നും പറഞ്ഞ് മാപ്പ് ചോദിച്ചു.

വീഡിയോ പ്രചരിച്ചതോടെ വാരണാസിയിലെ അഭിഭാഷകനായ ശശാങ്ക് ശേഖർ ത്രിപാഠി യുവാവിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മതവികാരം വ്രണപ്പെടുത്തിയതിന് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും, പ്രാഥമിക അന്വേഷണത്തിൽ ഇയാൾ ബിഹാറിലെ രോഹ്താസ് സ്വദേശിയാണെന്ന് വ്യക്തമായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ഹിന്ദുക്കൾക്ക് ഗംഗാനദി അതീവ വിശുദ്ധമാണെന്നും ഇത്തരം പ്രവൃത്തികൾ വിശ്വാസികളുടെ മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിക്കുന്നതാണെന്നും പരാതിക്കാരനായ ശശാങ്ക് ശേഖർ ത്രിപാഠി പറഞ്ഞു. പുലർച്ചെ അഞ്ച് മണിക്ക് ഗംഗയിൽ മുങ്ങിക്കുളിക്കുന്നതിനിടയിലാണ് യുവാവ് ബിയർ കുടിക്കുന്നത്. ഘട്ടുകളിൽ നടക്കുന്ന ഇത്തരം പ്രവൃത്തികൾ കോടിക്കണക്കിന് ഭക്തരുടെ മതവികാരത്തെ വ്രണപ്പെടുത്തുകയും അവിടുത്തെ ആത്മീയ അന്തരീക്ഷം തകർക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മതനേതാക്കളും സംഭവത്തെ ശക്തമായി അപലപിച്ചു. ഗംഗ കേവലമൊരു നദിയല്ലെന്നും ദശലക്ഷക്കണക്കിന് സനാതന ധർമ്മ വിശ്വാസികളുടെ ആത്മീയ കേന്ദ്രമാണെന്നും പറഞ്ഞ സ്വാമി നരേന്ദ്രാനന്ദ് സരസ്വതി, പ്രതിക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു.