Sports

ദേശീയ പതാകയെ അപമാനിച്ചു ? പാണ്ഡ്യക്കെതിരേ പരാതി

മുംബൈ: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ കിരീട നേട്ടത്തിനു പിന്നാലെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്‌ പാണ്ഡ്യക്കെതിരേ പരാതി. ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ ജയിച്ച ശേഷം നടന്ന ആഘോഷങ്ങള്‍ക്കിടെ ഹാര്‍ദിക്‌ ദേശീയ പതാകയെ അപമാനിച്ചെന്നാണു പോലീസില്‍ നല്‍കിയ പരാതി.

അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ നടന്ന ആഘോഷങ്ങൾക്കിടെ പാണ്ഡ്യ പതാക ശരീരത്തിൽ ചുറ്റുകയും മോശമായ രീതിയിൽ പെരുമാറുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ വാജിദ് ഖാനാണ് പരാതി നൽകിയത്. പാണ്ഡ്യയുടെ പ്രവൃത്തി നിയമവിരുദ്ധമാണെന്നും ദേശീയ പതാകയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും പരാതിയിൽ പറയുന്നു. ശിവാജി നഗർ പോലീസ് സ്റ്റേഷനിൽ ലഭിച്ച ഈ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യം.


ലോകകപ്പ്‌ ജയത്തിനു ശേഷം കാമുകി മഹിക ശര്‍മയുമൊത്ത്‌ ഗ്രൗണ്ടില്‍ നൃത്തം ചെയ്യുകയും വിജയികള്‍ക്കുള്ള പോഡിയത്തില്‍ കിടക്കുകയും ചെയ്‌ത പാണ്ഡ്യക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. മത്സരത്തിന്‌ ശേഷമുള്ള അഭിമുഖത്തില്‍ മഹികയെ തന്റെ ”ലക്കി ചാം” എന്നു ഹാര്‍ദിക്‌ വിശേഷിപ്പിച്ചിരുന്നു. മഹിക തന്റെ ജീവിതത്തിലേക്ക്‌ വന്നതിന്‌ ശേഷം ഭാഗ്യം തെളിഞ്ഞെന്നും ജയം തുടര്‍ക്കഥയായെന്നും ഹാര്‍ദിക്‌ പറഞ്ഞു.

അതേസമയം, തുടർച്ചയായ രണ്ടാം ടി20 ലോകകപ്പ് കിരീടം നേടിയത് താൻ സ്വയം നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണമാണെന്നും ടീമിന്റെ ആധിപത്യത്തിന്റെ തുടക്കം മാത്രമാണിതെന്നും ഹാർദിക് പാണ്ഡ്യ നേരത്തെ പ്രതികരിച്ചിരുന്നു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച പാണ്ഡ്യ ഒമ്പത് വിക്കറ്റുകൾ വീഴ്ത്തുകയും നിർണ്ണായകമായ രണ്ട് അർധസെഞ്ചുറികൾ നേടുകയും ചെയ്തിരുന്നു. ഐസിസിയുടെ 2026-ലെ ലോകകപ്പ് ടീമിൽ ഇടംനേടിയ നാല് ഇന്ത്യൻ താരങ്ങളിൽ ഒരാളും 32-കാരനായ ഹാർദിക്കാണ്. ന്യൂസിലൻഡിനെതിരായ ഈ വിജയം തന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് സ്റ്റാർ സ്പോർട്സിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

നടാഷ സ്‌റ്റാന്‍കോവിച്ചുമായുള്ള വിവാഹമോചനത്തിന്‌ ശേഷമാണ്‌ ഹാര്‍ദിക്കും മഹികയും തമ്മില്‍ ഡേറ്റിങ്‌ ആരംഭിച്ചത്‌. ലോകകപ്പ്‌ ടൂര്‍ണമെന്റിലുടനീളം ഗാലറിയിലിരുന്ന്‌ ഹാര്‍ദിക്കിനെ പിന്തുണയ്‌ക്കുന്ന മഹികയെ കാണാമായിരുന്നു. പല മത്സരങ്ങളിലും ഹാര്‍ദിക്കിന്റെ മകന്‍ അഗസ്‌ത്യയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. 32 വയസുകാരനായ പാണ്ഡ്യയെ ഐ.സി.സിയുടെ ലോകകപ്പ്‌ ടീമിലും ഉള്‍പ്പെടുത്തിയിരുന്നു. ലോകകപ്പില്‍ ഒന്‍പതു മത്സരങ്ങളില്‍ കളിച്ച പാണ്ഡ്യ ഒന്‍പതു വിക്കറ്റുകളും 217 റണ്ണുമെടുത്തു.