ടെക്സസ്: കഴിഞ്ഞ ഏതാനും വർഷങ്ങളായി താൻ അനുഭവിച്ച കടുത്ത മാനസിക സമ്മർദങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് അന്തരിച്ച ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം എഡ്ഡി ഗ്വരേരോയുടെ മകൾ ഷെറിലിൻ ഗ്വരേരോ. താൻ നേരിട്ട ലൈംഗികാതിക്രമവും അതിനെത്തുടർന്നുണ്ടായ മാനസിക ബുദ്ധിമുട്ടുകളും തന്നെ ആത്മഹത്യയുടെ വക്കിലേക്ക് വരെ എത്തിച്ചിരുന്നുവെന്ന് ഷെറിലിൻ വെളിപ്പെടുത്തി. ‘ദ് സ്മൂത്ത് വേഗ പോഡ്‌കാസ്റ്റിന്’ നൽകിയ അഭിമുഖത്തിലാണ് ഷെറിലിന്റെ ഈ ഞെട്ടിക്കുന്ന തുറന്നുപറച്ചിൽ.
2020-ൽ കോവിഡ് ലോക്ഡൗണിന് തൊട്ടുമുമ്പ് കുടുംബത്തോടൊപ്പം നടത്തിയ ഒരു വിനോദയാത്രയ്ക്കിടെ, തന്റെ രണ്ടാനച്ഛനായ ക്രിസ് ബെൻസൻ (അമ്മ വിക്കി ഗ്വരേരൊയുടെ രണ്ടാം ഭർത്താവ്) തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ഷെറിലിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 2023 ഏപ്രിലിൽ തന്റെ ടിക്ടോക് അക്കൗണ്ടിലൂടെയാണ് ഷെറിലിൻ ഈ വിവരം ആദ്യമായി പുറത്തുവിട്ടത്. അന്ന് വിക്കി ഗ്വരേരോയും ബെൻസനും ഈ ആരോപണം നിഷേധിച്ചെങ്കിലും സത്യം ഒരുനാൾ പുറത്തുവരുമെന്ന് ഷെറിലിൻ ഉറപ്പിച്ചു പറഞ്ഞു. ആ കയ്പേറിയ അനുഭവങ്ങൾ തന്റെ ജീവിതത്തെയും മാനസികാവസ്ഥയെയും എങ്ങനെ ബാധിച്ചുവെന്നും, ആ പ്രതിസന്ധി ഘട്ടത്തിൽ തന്നെ താങ്ങിനിർത്തിയ മനുഷ്യരെക്കുറിച്ചുമെല്ലാമാണ് ഷെറിലിൻ ഇപ്പോൾ പോഡ്‌കാസ്റ്റിൽ പങ്കുവെച്ചത്.
ആ ക്രൂരമായ അനുഭവം തന്നെ വല്ലാത്തൊരു മാനസിക തകർച്ചയിലേക്ക് തള്ളിവിട്ടതായി ഷെറിലിൻ പറഞ്ഞു. ജീവിക്കാനുള്ള ആഗ്രഹം പോലും നഷ്ടപ്പെട്ടിരുന്നുവെന്നും തനിക്ക് തണലാകേണ്ടവർ തന്നെ കൈവിട്ടപ്പോൾ എങ്ങോട്ട് പോകണമെന്നറിയാത്ത അവസ്ഥയിലായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. പ്രശസ്തമായ ഒരു കുടുംബത്തിലെ അംഗമായതിനാൽ തന്റെ വ്യക്തിപരമായ ഈ വലിയ ആഘാതം ലോകത്തിന് മുന്നിൽ വെച്ച് കൈകാര്യം ചെയ്യേണ്ടി വന്നത് ബുദ്ധിമുട്ട് ഇരട്ടിയാക്കി. താൻ ഉള്ളിൽ ഒതുക്കാൻ ശ്രമിച്ച കാര്യങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറി. ആ സമയത്താണ് ജീവനൊടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. എന്നാൽ, ആ ഇരുണ്ട നാളുകളിൽ തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് അന്തരിച്ച പിതാവ് എഡ്ഡിയുടെ ഓർമ്മകളും, പ്രശസ്ത ഗുസ്തി താരം സി.എം. പങ്ക് ഉൾപ്പെടെയുള്ളവരിൽ നിന്ന് ലഭിച്ച ശക്തമായ പിന്തുണയുമാണ്. ഈ വെളിപ്പെടുത്തലിന് പിന്നാലെ വലിയ പിന്തുണയാണ് ഷെറിലിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഡബ്ല്യുഡബ്ല്യുഇ വേദിയിലെ എക്കാലത്തെയും ജനപ്രിയ താരം കൂടിയായിരുന്നു എഡ്ഡി ഗ്വരേരോ. ഒന്നിലധികം തവണ ചാമ്പ്യൻപട്ടം അണിഞ്ഞ അദ്ദേഹം തന്റെ തനതായ ശൈലിയിലൂടെ ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരെയാണ് സ്വന്തമാക്കിയത്. കരിയറിന്റെ തിളക്കത്തിൽ നിൽക്കുമ്പോൾ 2005 നവംബറിലാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം വിടപറയുന്നത്. അന്ന് ഷെറിലിന് വെറും 10 വയസ്സ് മാത്രമായിരുന്നു പ്രായം. പിന്നീട് 2015-ലാണ് എഡ്ഡിയുടെ ഭാര്യ വിക്കി ഗ്വരേരൊ, ക്രിസ് ബെൻസനെ വിവാഹം കഴിക്കുന്നത്. തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചതിന് വിക്കിയും ക്രിസ് ബെൻസനും ചേർന്ന് ഷെറിലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നെങ്കിലും, 2024 ഓഗസ്റ്റിൽ കോടതി ഈ കേസിന്റെ പ്രധാന ഭാഗങ്ങളെല്ലാം തള്ളിക്കളയുകയായിരുന്നു.




